ഇടുക്കി: കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദമ്പതികളെന്ന് തെറ്റിദ്ധരിപ്പിച്ച് താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ സാധുറാം (23), മാലതി (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏഴാം തീയതിയാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കാതെ ദമ്പതികളെ പോലെയാണ് സാധുറാവും മാലതിയും കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് മാലതി ഗർഭിണിയാകുന്നത്. ഈ വിവരം ഇരുവരും രഹസ്യമാക്കി വെച്ചു. വീട്ടിൽ പ്രസവിച്ച ശേഷമാണ് മാലതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പ്രസവ വിവരം ആദ്യം മറച്ചുവെച്ചു.
ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് മാലതി പ്രസവിച്ചതായി കണ്ടെത്തിയത്. തുടർന്ന് കൂടുതൽ വിവരങ്ങൾ തേടിയപ്പോൾ കുട്ടി മരിച്ചു പോയെന്ന് കളവ് പറഞ്ഞു. ഈ വിവരം ആശുപത്രി അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി പ്രതികൾ സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു.
വിവാഹത്തിന് മുമ്പ് കുട്ടി ജനിച്ചതിന്‍റെ ദുരഭിമാനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി. സാധുറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.