'കല്ലെറിയുന്നവരെ, നിങ്ങൾ എറിയുന്ന കല്ല് ഞാൻ പെറുക്കിവെക്കും, ഏറ് തുടരുക'; തട്ടമിട്ട് സ്റ്റേജിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച നാലാം ക്ലാസുകാരിക്ക് നേരെ സൈബർ ആക്രമണം

തൃശൂർ: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർഥിക്ക് പരസ്യ ഐക്യദാഢ്യം പ്രഖ്യാപിച്ച് പ്രസംഗിച്ച നാലാം ക്ലാസുകാരിക്കെതിരെ സൈബർ ആക്രമണം. 

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാർണിവലിൽ മന്ത്രി ആർ.ബിന്ദുവിനെ സാക്ഷി നിർത്തി നാലാം ക്ലാസ് വിദ്യാർഥിയും വ്ലോഗറുമായ ഐഷു എന്ന ആയിഷ നടത്തിയ ഗംഭീര പ്രസംഗം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അസഭ്യം നിറഞ്ഞ കമന്റുകൾ തന്റെ വിഡിയോക്ക് പിന്നിൽ വരുന്നതെന്ന് ആയിഷ പറഞ്ഞു.

'കല്ലെറിയുന്നവരെ, നിങ്ങൾ എറിയുന്ന കല്ല് ഞാൻ പെറുക്കിവെക്കും, ഏറ് തുടരുക' -എന്ന തലക്കെട്ടിൽ 'ആശാനും പിള്ളേരും' എന്ന തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോയിലാണ് ആയിഷ ഇക്കാര്യം വ്യക്തമാക്കുന്നത്. 

'എന്നെ തെറിവിളിക്കുന്നവരോട് എനിക്ക് ഒരു വിരോധമോ സങ്കടമോ ഒന്നുമില്ല. സ്നേഹം മാത്രം. മോളെ നീ ഇങ്ങനെയായിരുന്നോ.. നിന്നെ വല്യ ഇഷ്ടമായിരുന്നു. നിന്നെ അൺഫോളോ ചെയ്യുന്നു.. എന്നൊക്കെ ചിലർ കമന്റിടുന്നുണ്ട്. അവരോട് പറയാനുള്ളത്. എനിക്ക് ഫോളോവേഴ്സ് കുറയുമെന്ന് കരുതി, റീച്ചുണ്ടാവില്ലെന്ന് കരുതി എനിക്ക് പറായനുള്ളത് പറയാതെ പോകില്ല'- ആയിഷ പറഞ്ഞു.

'കാർണിവലിൽ ഞാൻ പ്രസംഗിച്ചത് മനുഷ്യ സ്നേഹത്തെ കുറിച്ചും മാനവികതയെ കുറിച്ചുമായിരുന്നു. തട്ടത്തിന്റെ വിഷയം പറയണം എന്നുണ്ടായിരുന്നു. മറന്നുപോയി. അവസാനം നന്ദിയും പറഞ്ഞ് പോകാൻ നിൽക്കുമ്പോൾ മന്ത്രി ആന്റി എന്നെ അഭിനന്ദിക്കാൻ വേണ്ടി വരുമ്പോഴാണ് ഓർമ വരുന്നത്. അപ്പോ വീണ്ടും മൈക്ക് വാങ്ങി അത് പറഞ്ഞത്. തട്ടമിട്ടതിന്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി, ഇത്രനേരം മാനവിക പ്രസംഗിച്ച തനിക്ക് രണ്ടുവാക്ക് പറയാൻ പറ്റിയില്ലെങ്കിൽ കാര്യമില്ലല്ലോ. ഇത് വൈറലാവും എന്ന് കരുതിയില്ല. നെഗറ്റീവ് കമന്റുകൾ കുറേ വന്നു. എന്നെ സുഡാപ്പിനി, ജിഹാദി തുടങ്ങിയ വാക്കുകളൊക്കെയാണ് ചിലർ ഉപയോഗിച്ചത്. പലരും പറഞ്ഞു പൊലീസിൽ കേസ് കൊടുക്കാൻ.. എന്തിനാ.., അവർ ഇനിയും ഫേക്ക് ഐഡിയുമായി വരും. അവരുടെ മനോഭാവമാണ് മാറേണ്ടത്. ആളുകൾ വിഡിയോക്ക് താഴെ കമന്റ് ഇട്ട് കത്തിക്കുമ്പോ, ഞാൻ ഇവിടെ ദീപാവലിക്ക് പടക്കം പൊട്ടിച്ച് കളിക്കുകായിരുന്നു.'- ആയിഷ പറഞ്ഞു. 

Full View

കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാർണിവലിലാണ് ആയിക്ഷയുടെ വൈറൽ പ്രസംഗം. 
"ഞാൻ ഈ തട്ടമിട്ട എന്നെ കാണുമ്പോൾ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങൾക്ക്, പേടി തോന്നുന്നുണ്ടോ... ഉ​ണ്ടെങ്കിൽ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടി​ന്റെ പ്രശ്നമാണ്. തട്ടമിട്ടതിന്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരി​ക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവർക്ക് ഇഷ്ടമുള്ള ഡ്രസ് അവർ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങ​ളെയും കൂടി റെസ്​പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും, താങ്ക് യു"- എന്നും പറഞ്ഞാണ് ആ‍യിഷ പ്രസംഗം അവസാനിപ്പിച്ചത്.

നാ​ള​ത്തെ നമ്മളുടെ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കേണ്ട ഒരാളാണ് അയിഷക്കുട്ടിയെന്ന് അവളെ ചേർത്ത് പിടിച്ച് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു.

Tags:    
News Summary - Cyber ​​attack on fourth Class student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.