രക്തം പുരണ്ട തൂവാല ‘എലി കരണ്ടു’! ഫസൽ വധക്കേസിലെ നിർണായക തെളിവ് കാണാനില്ല

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല ‘എലി കരണ്ടു കൊണ്ടുപോയി’. എറണാകുളം സി.ജെ.എം കോടതിയിൽ മുദ്രവെച്ച കവറിൽ സൂക്ഷിച്ച തെളിവാണ് എലി കാരണം അപ്രത്യക്ഷമായത്. തൂവാല സൂക്ഷിച്ച, മുദ്രവെച്ച കവറിനു പുറത്താണ് എലി കരണ്ടതായി ജീവനക്കാർ എഴുതിവെച്ചത്.

കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ പുരോഗമിക്കവേയാണ് നിർണായക തൊണ്ടിമുതൽ കാണാതായത്. എന്നാൽ, ഫോറൻസിക് തെളിവുകൾ കോടതി നേരത്തേതന്നെ രേഖപ്പെടുത്തിയതിനാൽ വിചാരണയെ ബാധിക്കില്ലെന്നാണ് സി.ബി.ഐ നിലപാട്. നിയുക്ത എം.എൽ.എ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊടി സുനിയുമടക്കം പ്രതികളായ കേസിലെ തെളിവാണ് കാണാതായത്. കൊലപാതകത്തിന് പിന്നാലെ ധർമ്മടം - അണ്ടല്ലൂർ ഭാഗത്തെ റോഡിൽ നിന്നാണ് ഫസലിന്‍റെ രക്തംപുരണ്ട തൂവാല കണ്ടെത്തിയത്. ആർ.എസ്.എസ് കേന്ദ്രമായ ഇവിടെ തൂവാല കൊണ്ടിട്ടത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് സി.ബി.ഐ വാദം.

വിചാരണക്കിടെ കഴി‌ഞ്ഞദിവസം തൊണ്ടിമുതൽ ഹാജരാക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എറണാകുളം സി.ജെ.എം കോടതിയിൽനിന്ന് എത്തിച്ച കവർ തുറന്നപ്പോഴാണ് തൂവാല നഷ്ടമായെന്ന് പ്രത്യേക കോടതിക്ക് ബോധ്യപ്പെട്ടത്. കവറിലെ എഴുത്ത് കോടതി രേഖപ്പെടുത്തി. തൂവാലയിലുണ്ടായിരുന്നത് ഫസലിന്‍റെ രക്തമാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞെങ്കിലും തൂവാല റോഡിൽ കിടക്കുന്നത് കണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ച സി.ഐ.ടി.യു അംഗം പിന്നീട് മൊഴിമാറ്റി. ഇതേക്കുറിച്ച് അറിവില്ലെന്നാണ് പുതിയ മൊഴി.

പത്രം ഏജന്‍റും എൻ.ഡി.എഫ് പ്രവർത്തകനുമായിരുന്ന തലശ്ശേരി ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം ഒരുസംഘം വെട്ടിക്കൊന്നത്.

Tags:    
News Summary - Crucial evidence missing in Fasal murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.