യു.എ.പി.എ, പൊലീസിലെ ആർ.എസ്.എസുകാർ... പിണറായി സാക്ഷി, ആഭ്യന്തര വകുപ്പിനെ നിർത്തിപ്പൊരിച്ച് പ്രതിനിധികൾ

കൊച്ചി: മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. റഷ്യൻ അധിനിവേശത്തിന് എതിരായ പരാമർശംപോലും ഉൾപ്പെടുത്താത്ത കേന്ദ്ര കമ്മിറ്റിക്ക് എതിരെയും അംഗങ്ങൾ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ വിമർശനം ചൊരിഞ്ഞു. അതേസമയം, സംസ്ഥാന നേതൃത്വം ഇടപെട്ട് മുൻമന്ത്രി ജി. സുധാകരന് എതിരെ വിമർശനം ഉണ്ടാവുന്നത് തടയുകയും ചെയ്തു.

കോഴിക്കോട് പന്തീരാങ്കാവിൽ യുവാക്കളായ അലൻ ശുഹൈബിനും ത്വാഹ ഫസലിനും എതിരെ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയതിലും പൊലീസ് സേനയിലെ ആർ.എസ്.എസ്വത്കരണം അനസ്യൂതം തുടരുന്നതിനും എതിരെയായിരുന്നു പിണറായി വിജയന്‍റെ സാന്നിധ്യത്തിലെ വിമർശനം. അലന്‍റെയും ത്വാഹയുടെയും പേരെടുത്ത് പറയാതെയാണ് കോഴിക്കോട്ടുനിന്നുള്ള പ്രതിനിധി യു.എ.പി.എ അന്യായമായി ചുമത്തിയ വിഷയം ഉന്നയിച്ചത്. യു.എ.പി.എ ചുമത്തുന്നതിൽ മാനദണ്ഡങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്‍റെ നടപടികൾ തുടർഭരണത്തിലും എൽ.ഡി.എഫ് സർക്കാറിന്‍റെ ശോഭ കെടുത്തുന്നുവെന്നാണ് കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്ന് സംസാരിച്ച ഭൂരിപക്ഷം പ്രതിനിധികളും കുറ്റപ്പെടുത്തിയത്. പൊലീസ് സ്റ്റേഷനുകളിൽ നിർണായക പദവികൾ ആർ.എസ്.എസുകാരായ പൊലീസുകാരാണ് വഹിക്കുന്നത്. സി.പി.എം പ്രവർത്തകർ വാദികളായ പരാതികളിൽപോലും സി.പി.എമ്മുകാരെക്കൂടി പ്രതികളാക്കിയശേഷമേ ആർ.എസ്.എസുകാർക്കെതിരെ കേസ് എടുക്കുന്നുള്ളൂ. ഇടതുപക്ഷക്കാരായ ചില പൊലീസുകാർക്കും ഇടതുനയമില്ലെന്നും വിമർശനം ഉയർന്നു.

യുക്രെയ്നിന് എതിരായ റഷ്യൻ അധിനിവേശത്തിനും യുദ്ധത്തിനും എതിരായ പരാമർശങ്ങൾ കേന്ദ്ര കമ്മിറ്റി പ്രമേയത്തിലില്ലെന്ന് ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിരവധി മലയാളികളുടെ ജീവൻ ഇപ്പോഴും അപകടത്തിലാണ്. യുദ്ധത്തിനെതിരെ കടുത്ത നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനതലത്തിൽ വിഭാഗീയത അവസാനിച്ചെന്ന് നേതൃത്വം പറയുമ്പോഴും ചില ജില്ലകളിൽ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നുവെന്നും അഭിപ്രായം ഉയർന്നു. കർശന നടപടി സംസ്ഥാന നേതൃത്വം എടുത്ത് വിഭാഗീയത അവരസാനിപ്പിച്ചാൽ പാർട്ടിക്ക് ഒറ്റമനസ്സോടെ നീങ്ങാനാവുമെന്ന് കണ്ണൂരടക്കം ജില്ലകളിലുള്ളവർ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ പാർട്ടിയിൽ നിലനിൽക്കുന്ന സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനുവും ഇ. ജയനും കുറ്റപ്പെടുത്തി. നേതൃത്വത്തെയും പാർട്ടിയെയും ശത്രുക്കൾ ആക്രമിക്കുമ്പോൾ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നതിൽ പരാജയം സംഭവിച്ചെന്ന് കണ്ണൂരിൽനിന്നുള്ള എൻ. ചന്ദ്രൻ പറഞ്ഞു. മകനെതിരായ ആരോപണങ്ങളുടെ പേരിൽ കോടിയേരി ബാലകൃഷ്ണനെ രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഇടപെടലുണ്ടായില്ലെന്ന് സൂചിപ്പിച്ചായിരുന്നു വിമർശം. ബുധനാഴ്ച പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ച അവസാനിച്ചു. ഇന്ന് സംസ്ഥാന സെക്രട്ടറി മറുപടി നൽകും. തുടർന്ന് വികസന നയരേഖയിൽ ചർച്ച നടക്കും.

Tags:    
News Summary - Criticism of the Home Department at the CPM State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.