കോട്ടയം: ഇടവേളക്ക് ശേഷം സംസ്ഥാന ബി.ജെ.പിയിൽ വീണ്ടും മുറുമുറുപ്പും അതൃപ്തിയും. കാര്യമായ കൂടിയാലോചനകളോ പരിഗണനകളോ ലഭിക്കുന്നില്ലെന്ന പരാതിയാണ് ചിലർക്ക്. പുനഃസംഘടനയിൽ ഇവർക്ക് പരിഗണന ലഭിച്ചില്ലെങ്കിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകുന്ന നിലയിലാണ് കാര്യങ്ങൾ. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി എത്തിയപ്പോൾ പാർട്ടിക്ക് പുത്തൻ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. എന്നാൽ അദ്ദേഹം ചുമതലയേറ്റ് നാളിത്രയായിട്ടും പ്രകടമായ മാറ്റങ്ങളില്ലെന്നാണ് വിലയിരുത്തൽ.
മുൻ പ്രസിഡന്റുമാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ എന്നിവർക്ക് അവരർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി പാർട്ടിയിലുണ്ട്. പരിചയ സമ്പന്നരായ ഈ നേതാക്കളോട് കൂടിയാലോചന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാന സർക്കാറിനെതിരായ പ്രക്ഷോഭങ്ങൾ, ഗവർണറെ സംരക്ഷിക്കേണ്ട ബാധ്യത എന്നിവയിൽ നേതൃത്വം പിന്നാക്കമാണെന്ന അഭിപ്രായവും ഉയരുന്നു. അതിനിടെ വർഷങ്ങളായി നിർമാണം നടന്നുവരുന്ന ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനത്തിനായി ആഭ്യന്തരമന്ത്രി അമിത്ഷാ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുസമ്മേളനം നാളെ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അമിത്ഷാക്ക് മുന്നിൽ സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഒരു വിഭാഗം തയാറെടുക്കുകയാണ്. അമിത്ഷായുടെ സന്ദർശനത്തിന് മുമ്പ് പ്രധാന ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള നീക്കവും പുരോഗമിക്കുന്നു. പുനഃസംഘടനയിൽ മുൻ ഔദ്യോഗിക വിഭാഗത്തിന്റെ പങ്കാളിത്തം കുറയുമെന്ന നിലയിലാണ് കാര്യങ്ങൾ.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ട പേരുകാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവർ ജന.സെക്രട്ടറിമാരാകും എന്നാണ് വിവരം. സെക്രട്ടറിയായിരുന്ന അഡ്വ. എസ്. സുരേഷ്, പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് അല്ലെങ്കിൽ അനൂപ് ആന്റണി എന്നിവരിൽ ആരെങ്കിലും ജന.സെക്രട്ടറിമാരാകുമെന്നും അറിയുന്നു. സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറിയെ ആർ.എസ്.എസ് നൽകാത്ത സാഹചര്യത്തിൽ നിലവിലെ ജന.സെക്രട്ടറി അഡ്വ. പി. സുധീറിനെ നിലനിർത്തി അഞ്ച് ജന.സെക്രട്ടറിമാരെ നിയോഗിക്കുമെന്നും സൂചനയുണ്ട്. ബി.ജെ.പി ജില്ലാപ്രസിഡന്റായിരുന്ന അഡ്വ. വി.വി. രാജേഷ് വീണ്ടും സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയേക്കും. എന്നാൽ സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത.
കോട്ടയം: ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബി.ജെ.പി ദേശീയ നേതൃ നിരയിലേക്കോ രാജ്യസഭയിലേക്കോ എത്തിയേക്കും. സംസ്ഥാന ബി.ജെ.പിയെ വർഷങ്ങളോളം നയിച്ച സുരേന്ദ്രന് അർഹിച്ച സ്ഥാനം നൽകണമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവരും ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നു. ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകുമെന്നാണ് വിവരം.
അതിന് പുറമെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന ഒരു രാജ്യസഭാംഗത്വവും അദ്ദേഹത്തിന് ലഭ്യമാക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. കെ. സുരേന്ദ്രൻ, വി. മുരളീധരൻ എന്നീ നേതാക്കളുടെ കാര്യത്തിൽ ദേശീയ നേതൃത്വം നിർണായക തീരുമാനമെടുക്കണമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ആവശ്യം. അതിന് പുറമെ മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്ക് എത്തിയ നേതാക്കൾക്ക് അർഹിച്ച പ്രാധാന്യം നൽകണമെന്ന ആവശ്യവും സംസ്ഥാന ഘടകത്തിൽ ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.