എം.ഡി.എം.എയുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ

കായംകുളം: 84 ഗ്രാം എം.ഡി.എം.എയുമായി ക്രിമിനൽ കേസ് പ്രതി പിടിയിലായി. വള്ളികുന്നം കടുവിനാൽ മലവിള വടക്കേതിൽ സഞ്ചുവാണ് (32) കായംകുളത്ത് പിടിയിലായത്. ബംഗളൂരിൽ നിന്നും ബസിൽ എത്തിയ ഇയാളെ കെ.എസ്.ആർ.ടി.സിക്ക് സമീപം കമലാലയം ജങ്ഷനിൽ നിന്നാണ് പിടികൂടിയത്.

വള്ളികുന്നത്തേക്ക് വാഹനം കാത്തു നിൽക്കവെ ജില്ല പൊലിസ് മേധാവിയുടെ സ്ക്വാഡ് വളയുകയായിരുന്നു. മയക്കുമരുന്നു വിൽപനയടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ വള്ളികുന്നം ഭാഗത്തെ പ്രധാന ലഹരി കച്ചവടക്കാരനാണ്. ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടാണ് പ്രധാന കച്ചവട കേന്ദ്രം. യുവാക്കൾ ഇയാളുടെ വീട്ടിൽ സംഘടിക്കുക പതിവായിരുന്നെങ്കിലും പലപ്പോഴും പൊലീസ് പരിശോധനയിൽ രക്ഷപ്പെടുകയായിരുന്നു. വിദഗ്ധമായി ഒളിപ്പിക്കുന്നതിനാൽ തൊണ്ടി കണ്ടെത്താൻ സാധിക്കാറില്ല.

ബംഗളൂരുവിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. ഗ്രാമിന് 3000 മുതൽ 5000 രൂപയ്ക്ക് വരെയാണ് വിറ്റിരുന്നത്. കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇറങ്ങിയത്. ഇതിന് ശേഷം മൂന്നു തവണ ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ നാട്ടിലെത്തിച്ച് വിൽപന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് ഇയാളിലേക്ക് എത്താൻ സഹായിച്ചത്. ഒരു മാസമായി ജില്ല ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.

ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സജിമോന്റ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, കായംകുളം ഡി.വൈ.എസ്.പി അജയനാഥിന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘവുമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. എസ്.ഐ ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി, ശ്യാം, അജികുമാർ, ശിവകുമാർ, ഡാൻസാഫ് എസ്.ഐ സന്തോഷ്, എ.എസ്.ഐ ജാക്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, സിവിൽ പൊലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ, ഷാഫി, നന്ദു, രൺദീപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Criminal case accused arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.