ബിന്ദു

ചവറ്കൂനയിൽനിന്ന് മാല കണ്ടെത്തിയെന്ന് പൊലീസ് കള്ളക്കഥ ചമച്ചു; ദലിത് യുവതിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: പേരൂർക്കട മാല മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന ഡാനിയൽ സാധാരണ കിടക്കയുടെ അടിയിലാണ് മാല വെക്കാറുള്ളത്. സംഭവം നടന്ന ദിവസം സോഫയുടെ അടിയിലാണ് വെച്ചത്. മാല കാണാത്തതിനെ തുടർന്ന് ഓമന പൊലീസിനെ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ്, നാലുദിവസം മുമ്പ് ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. ഒടുവിൽ വീട്ടുകാർ തന്നെ മാല കണ്ടെത്തി.

ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത് ഒരു ദിവസം മുഴുവൻ ചോദ്യംചെയ്തത് ന്യായീകരിക്കാൻ ചവറ്കൂനയിൽനിന്ന് മാല കണ്ടെത്തിയെന്ന് പൊലീസ് കള്ളക്കഥ ചമക്കുകയായിരുന്നുവെന്നും പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി വിദ്യാധരൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വനിതകളെ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പൊലീസ് ബിന്ദുവിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചതെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ എസ്.ഐ പ്രസാദിനെയും എ.എസ്.ഐ പ്രസന്നനെയും സിറ്റി പൊലീസ് കമീഷണർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്.എച്ച്.ഒ ശിവകുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി.

ശിവകുമാറിനെതിരെയും കള്ളപ്പരാതി നൽകിയ ഓമന ഡാനിയലിനെതിരെയും കൂടുതൽ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവകുമാറും അറിഞ്ഞിരുന്നു. രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യംചെയ്തത് സി.സി.ടി.വിയിൽ വ്യക്തമാണ്. കാണാതായ സ്വർണം എങ്ങനെ ചവറ്കൂനയിലെത്തിയെന്നുപോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് പീഡനത്തിൽ ഉള്‍പ്പെടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി ജില്ലക്ക് പുറത്തുള്ള ഡിവൈ.എസ്.പി അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് അന്വേഷണം പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് കൈമാറിയത്.

പൊലീസിൽനിന്നുണ്ടായത് ക്രൂര അനുഭവം -ബിന്ദു

തിരുവനന്തപുരം: പൊലീസിൽനിന്നുണ്ടായത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ക്രൂര അനുഭവമായിരുന്നുവെന്ന് പരാതിക്കാരി ബിന്ദു. കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെപ്പോലും അറിയിച്ചില്ല. വീട്ടിലേക്ക് വിളിച്ചറിയിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ കക്കൂസിലെ ബക്കറ്റില്‍നിന്ന് എടുത്ത് കുടിക്കാനാണ് പ്രസന്നന്‍ എന്ന പൊലീസുകാരന്‍ പറഞ്ഞത്.

വീട്ടുജോലിക്കുപോയ എന്നെ കാണാതെ സങ്കടപ്പെട്ടിരുന്ന രണ്ട് പെൺമക്കളുടെ മുന്നിലേക്കാണ് മോഷ്ടാവിനെപ്പോലെ വീട്ടിലേക്ക് എത്തിച്ചത്. ചോദ്യംചെയ്ത 20 മണിക്കൂര്‍‌ ആഹാരമോ ഒരുതുള്ളി വെള്ളമോ നൽകിയില്ല. ഒടുവിൽ മാല കണ്ടെത്തി എന്നറിഞ്ഞിട്ടുപോലും മര്യാദക്ക് പെരുമാറാന്‍ പൊലീസ് തയാറായില്ല. ചോദ്യംചെയ്ത് വിട്ടയച്ചിട്ടും മാല കിട്ടിയ കാര്യം പറഞ്ഞില്ല. സ്റ്റേഷന് പുറത്തെ റോഡിലെത്തിയപ്പോഴാണ് വീടിനടുത്തുള്ള റിട്ട. പൊലീസുകാരൻ മാല കിട്ടിയ കാര്യം പറഞ്ഞതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Crime Branch report alleges fabrication of case against Dalit woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.