പ്രമീള ശശിധരൻ

പാലക്കാട് ബി.ജെ.പിയിൽ പൊട്ടിത്തെറി; സി.കൃഷ്ണകുമാർ പക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി നഗരസഭ ചെയർപേഴ്സൻ പ്ര​മീള ശശിധരൻ

പാലക്കാട്: സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ബി.ജെ.പിയിൽ പൊട്ടിത്തെറി. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സ്ഥാനാർഥി നിർണയവേളയിൽ തന്നോട് അഭിപ്രായം പോലുമാരാഞ്ഞില്ലെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ ആരോപിച്ചു. അവസാന ഘട്ടത്തിൽ ഒരുവിഭാഗം ത​ന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചു. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിലേക്ക് പോലും ക്ഷണിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും പ്രമീള ​വ്യക്തമാക്കി.

‘പാലക്കാട് സ്ഥാനാർഥിയാവുന്നില്ല എന്ന തീരുമാനം നേരത്തെ സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിരുന്നു. നഗരസഭയിൽ ഒരുവിഭാഗം ആളുകൾക്ക് മാത്രമാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് പാർട്ടിക്കാർക്കും ജനങ്ങൾക്കും വ്യക്തമായ കാര്യമാണ്. പുതുതായി പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ അത് വന്നിട്ടുണ്ട്. പാർട്ടി മെച്ചപ്പെടണമെന്ന് ആഗ്രഹിച്ച് വിമർശിച്ച ആളുകളെ മാറ്റിനിർത്തിയെന്ന് അഭിപ്രായമുണ്ട്. താൻ താമച്ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച രണ്ടുവാർഡുകളിലും സ്ഥാനാർഥി ആരാണെന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ അറിയിച്ചിരുന്നില്ല. അതിൽ അതിയായ മാനസിക വിഷമമുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം കൺവെൻഷന് പ​ങ്കെടുക്കാതിരുന്നത്. തന്റെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അവർ കാണാൻ വന്നപ്പോൾ താൻ ഭർത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. നഗരസഭ അധ്യക്ഷയെന്ന നിലയിൽ മേഖലയിലെ വികസനപദ്ധതിക​ളെ ഉൾക്കൊള്ളുക എന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പരിപാടിയിൽ പ​ങ്കെടുത്തത്. അത് സംസ്ഥാന നേതൃത്വത്തെ വിശദമായി പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അവർക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രമീള ശശിധരൻ പറഞ്ഞു.’

പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ് എന്നീ രണ്ട് വാർഡുകളിൽ നിന്നായിരുന്നു മുമ്പ് പ്രമീള ശശിധരൻ മത്സരിച്ചിരുന്നത്. ഈ രണ്ട് വാർഡുകളിലേക്കും പുതിയ സ്ഥാനാർഥികളെ നിർണയിച്ചപ്പോൾ തന്നോട് അഭിപ്രായം പോലും ചോദിച്ചില്ലെന്നാണ് പ്രമീളയുടെ ആരോപണം.

സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന രണ്ട് നഗരസഭകളിലൊന്നാണ് പാലക്കാട്. സി. കൃഷ്ണകുമാർ പക്ഷം പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന പരാതികൾക്കിടെയാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് നഗരസഭാധ്യക്ഷ തന്നെ രംഗത്തെത്തുന്നത്. ​തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പാലക്കാട് നഗരത്തിൽ സംഘടിപ്പിച്ച കൺവെൻഷനിൽ 40 സ്ഥാനാർഥിക​​​ളെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ വിരുദ്ധ പക്ഷം പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നത്.

ഇക്കുറി നഗരസഭയിൽ സ്ഥാനാർഥി നിർണയ ചർച്ചകൾക്കിടെ തന്നെ മുതിർന്ന നേതാക്കളടക്കമുള്ളവരുടെ ഭാഗത്തുനിന്ന് മുറുമുറുപ്പും വിയോജിപ്പും പ്രകടമായിരുന്നു. കൃഷ്ണകുമാർ പക്ഷവും വിരുദ്ധപക്ഷവും തമ്മിൽ കൊമ്പുകോർക്കുന്നതായിരുന്നു കാഴ്ച. എന്നാൽ ഇത് തള്ളി ജില്ല നേതൃത്വം മുന്നോട്ടുപോവുകയായിരുന്നു.

കൃഷ്ണകുമാർ പക്ഷത്തിന് അനഭിമതരായ മുതിർന്ന നേതാക്കളെയടക്കം തഴഞ്ഞുവെന്നായിരുന്നു പരാതി. എൻ.ശിവരാജൻ, നടേശൻ, ചെയർപേഴ്സൻ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, സ്മിതേഷ് എന്നിങ്ങനെ നഗരസഭയിലെ കൃഷ്ണ കുമാർ വിരുദ്ധ പക്ഷത്തെ പ്രമുഖ നേതാക്കളെയെല്ലാം ഇത്തരത്തിൽ വെട്ടി നിരത്തിയെന്നും ആരോപണമുണ്ട്. മുതിർന്ന നേതാവ് എൻ.ശിവരാജൻ ആർ.എസ്.എസ് വഴി ആവശ്യപ്പെട്ട പട്ടിക്കര സീറ്റിൽ ഇ.കൃഷ്ണദാസിനെയും, കോൺഗ്രസ് ശക്തികേന്ദ്രമായ മറ്റൊരു സീറ്റിൽ സ്മിതേഷിനെയും മത്സരിപ്പിക്കാൻ തീരുമാനമെടുത്തതും ഈ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. കൃഷ്ണകുമാർ വിരുദ്ധ ചേരിയിൽ ഇവർ രണ്ടുപേർക്കും മാത്രമാണ് ഇത്തവണ സീറ്റ് നൽകിയത്. ഇതോടെയാണ് പ്രമീള ശശിധരനടക്കമുള്ളവർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുന്നത്.

Tags:    
News Summary - crack in palakkad bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.