പ്രതിരോധ ജാഥക്ക് വിവാദരഹിത പാത ഒരുക്കാൻ സി.പി.എം

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ക്ക് വിവാദരഹിത പാത ഒരുക്കുക ലക്ഷ്യമിട്ട് തിരക്കിട്ട നീക്കവുമായി നേതൃത്വം. സമൂഹ മാധ്യമങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്ന പ്രവർത്തകർക്ക് താക്കീത് നൽകിയതിനൊപ്പം ആവർത്തിച്ചാൽ പാർട്ടിയിലുണ്ടാവില്ലെന്ന മുന്നറിയിപ്പും നൽകി. തില്ലങ്കേരിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ സാന്നിധ്യത്തിൽ വിശദീകരണ യോഗം നടക്കും. മട്ടന്നൂരിൽ ഡി.വൈ.എഫ്.ഐ യോഗം നടത്തിയതിനു പിന്നാലെയാണ് സി.പി.എമ്മും യോഗം വിളിച്ചത്.

ആകാശ് ഉയർത്തിയ പരാമർശങ്ങൾക്ക് മറുപടിപോലും വേണ്ടെന്ന മുൻ നിലപാടിൽനിന്നുള്ള മാറ്റം കൂടിയാണ് യോഗങ്ങളിലേക്ക് നയിച്ചത്. ക്രിമിനൽ, ക്വട്ടേഷൻ നേതാവ്, പൊതുശല്യം എന്നിങ്ങനെ ആകാശിനെ വിശേഷിപ്പിച്ച് ആരോപണങ്ങളെ തള്ളുകയായിരുന്നു നേതാക്കൾ ആദ്യം ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ചില നേതാക്കളും പ്രവർത്തകരുമിട്ട കമന്റുകളാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിപ്പിച്ചതെന്ന് നേതൃത്വത്തെ ചിലർ ധരിപ്പിച്ചിട്ടുണ്ട്. ആകാശിന്റെ കൂട്ടാളികളിലൊരാളുടെ പിതാവിന്റെ പേരും തൊഴിലും പരാമർശിച്ച് ജാതീയമായി അധിക്ഷേപിച്ചതും ചിലർ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം പരാതികളാണ് ഏതാനും പ്രവർത്തകർക്ക് താക്കീത് നൽകുന്നതിലേക്ക് നയിച്ചത്.

തുടർന്ന് ആകാശിന്റെ പോസ്റ്റിനെ അനുകൂലിച്ച് ‘ലൈക്’ അടിച്ചവർ അത് പിൻവലിച്ചു. ലോക്കൽ കമ്മിറ്റിക്കുകീഴിലെ ഏതാനും ബ്രാഞ്ച് കമ്മിറ്റികളിലെ ചിലർ കാണിക്കുന്ന ആകാശ് താൽപര്യത്തിനും പാർട്ടി മുന്നറിയിപ്പ് നൽകി. പ്രകോപനങ്ങളിൽനിന്ന് പിന്മാറാൻ പ്രവർത്തകർക്ക് നിർദേശം നൽകിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറക്കുറെ ഇരുപക്ഷവും വെടിനിർത്തിയ പ്രതീതിയാണ്. ജാമ്യം നേടിയതിന്റെ ആഘോഷമൊന്നും ആകാശ് അനുകൂല സമൂഹ മാധ്യമങ്ങളിൽ വന്നില്ല.

തുടക്കത്തിൽ ആകാശിനെ തള്ളിപ്പറയുകയും നിയമപരമായി നേരിടാനുമാണ് പാർട്ടി ആലോചിച്ചത്. ഇതിന്റെ ഭാഗമായാണ് മട്ടന്നൂർ, മുഴക്കുന്ന് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ആകാശിനെതിരെ ശക്തമായ നടപടിയെന്ന് ഒരുഭാഗത്ത് പാർട്ടി ആണയിടുമ്പോൾ അറസ്റ്റ് പോലുമില്ലാതെ പുഷ്പംപോലെ ജാമ്യം കിട്ടിയതും പാർട്ടിക്ക് നാണക്കേടായി. ഇങ്ങനെയൊക്കെ ആണെങ്കിലും ഏറ്റുമുട്ടൽ അന്തരീക്ഷം ഒഴിവാക്കി, പ്രതിരോധ ജാഥക്കുമുമ്പുള്ള വിവാദം ഒഴിവാക്കുകയാണ് പാർട്ടി. ഇതിനായി അനുനയ നീക്കം കൂടി നടന്നെന്നാണ് സൂചന. ഈ മാസം 20ന് കാസർകോടുനിന്ന് ആരംഭിക്കുന്ന ജാഥ 22നാണ് കണ്ണൂരിലെത്തുന്നത്.

Tags:    
News Summary - CPM to prepare a controversy-free path for the defense march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.