തൃശൂര്‍: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും ഡിവൈ.എഫ്.ഐ ബ്ളോക്ക് ജോ.സെക്രട്ടറിയുമായ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന, വീട്ടമ്മയായ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ പരാതി സ്വീകരിച്ച് ഉടന്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറില്‍നിന്ന് പ്രാഥമികാന്വേഷണ വിവരങ്ങള്‍ തേടി. യുവതിയുടെ പരാതി മുമ്പ് അന്വേഷിച്ച പേരാമംഗലം സി.ഐ മണികണ്ഠനില്‍നിന്നും ഐ.ജി നേരിട്ട് വിശദീകരണം എടുത്തു. വിശദീകരണം നല്‍കിയെന്ന് സി.ഐ സ്ഥിരീകരിച്ചു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ സിറ്റി പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ളെന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവം നടന്ന വീട്ടില്‍ കൊണ്ടുപോയി മൊഴിയെടുത്തപ്പോഴും സ്റ്റേഷനില്‍ വെച്ചും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നാണ് യുവതി പൊലീസിനെതിരെ ആരോപണമുന്നയിച്ചത്. എന്നാല്‍ അത്തരം പെരുമാറ്റം ഉണ്ടായില്ളെന്ന് സി.ഐ മണികണ്ഠന്‍ പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് പരാതിക്കാരുമായി ആശയ വിനിമയം നടത്തണം. ആരോപണം ഉന്നയിച്ച യുവതിയോ ഭര്‍ത്താവോ തൃശൂരില്‍ തിരിച്ചത്തെിയ ശേഷം പൊലീസ് ഇക്കാര്യത്തില്‍ നടപടിയെടുക്കും.
പീഡനം സംബന്ധിച്ച് യുവതി കഴിഞ്ഞ ആഗസ്റ്റ് 13നാണ് പരാതി നല്‍കിയത്. 1651/16 എന്ന ക്രൈം നമ്പറില്‍ പേരാമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂട്ടബലാത്സംഗം, വധഭീഷണി എന്നീ കുറ്റങ്ങള്‍ ആരോപിക്കുന്ന 376 ഡി, 506/1 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 2014 ഏപ്രിലില്‍ തിരുവുള്ളക്കാവിന് സമീപത്തെ വീട്ടില്‍ വെച്ച് നാലുപേരും 2015 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മൂന്ന് ദിവസങ്ങളിലായി ജയന്തനും പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ യുവതി ജയന്തനുമായി പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ഉണ്ടായിരുന്നതെന്നും പണം തിരിച്ച് നല്‍കിയതോടെ കേസ് അവസാനിപ്പിക്കുന്നുവെന്നും 164 പ്രകാരം മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇതനുസരിച്ച് കേസ് പിന്‍വലിക്കാനുള്ള നടപടി അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഫേസ്ബുക്ക് പോസ്റ്റും വാര്‍ത്താസമ്മേളനവുമായി വിഷയം വീണ്ടും ഉയര്‍ന്നുവന്നത്.
കോടതിയില്‍ യുവതി മൊഴി മാറ്റിയതോടെ കേസ്ഫയല്‍ അസി. കമീഷണര്‍ക്ക് കൈമാറിയതായി പൊലീസ് പറയുന്നു. പരാതിപ്രകാരം അന്വേഷിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം വീണ്ടും കേസ് പൊങ്ങിവരുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. പരാതിക്ക് വിരുദ്ധമായ രീതിയില്‍ മജിസ്ട്രേറ്റിനു മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് പൊലീസ് നിലപാട്. ഇതിന് അസി.കമീഷണര്‍ ഓഫിസില്‍ ഫയലുകള്‍ എത്തിയിട്ടുണ്ട്. കമീഷണറുടെ അനുമതി ലഭിച്ചാലുടന്‍ കേസ് അവസാനിപ്പിക്കാനിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.