പി.എം ശ്രീയിൽ സി.പി.എം പിന്നോട്ട്; സി.പി.ഐ ഉപാധി അംഗീകരിക്കും, കേന്ദ്ര സർക്കാറിന് കത്ത് നൽകും

തിരുവനന്തപുരം: വിവാദ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ സി.പി.എം തീരുമാനം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്തയക്കാനാണ് പുതിയ തീരുമാനം. ഈ നിർദേശം സി.പി.ഐക്ക് മുമ്പിൽ വെക്കാനാണ് സി.പി.എമ്മിലെ ധാരണ. എന്നാൽ, പി.എം ശ്രീയിൽ നിന്ന് പിൻമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം.

രാവിലെ എ.കെ.ജി സെന്‍ററിൽ നടന്ന സി.പി.എം അവെയ്‍ലബിൾ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുത്തു.

പി.എം ശ്രീയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാപത്രത്തിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്ത് നൽകുക. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് വേണം. കരിക്കുലം, സ്കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെടും.

പുതിയ ഉപാധി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി സി.പി.എം കേന്ദ്ര നേതൃത്വം ചർച്ച നടത്തി. സി.പി.എം കേരളാ നേതൃത്വം സി.പി.ഐ സംസ്ഥാന നേതൃത്വത്തോട് ഉപാധി വിശദീകരിക്കും. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാരെ ഏതുവിധേനയും എത്തിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.

പി.എം ശ്രീയിൽ നിന്ന് പൂർണമായി സി.പി.എമ്മോ സംസ്ഥാന സർക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളിൽ ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂർണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതൽ മുന്നോട്ടുവെച്ച നിർദേശം. നിബന്ധനകളിൽ ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ പുരോഗമിക്കുകയാണ്.

മുമ്പ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട പഞ്ചാബ് സർക്കാർ പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടർന്ന് പഞ്ചാബിനുള്ള സർവശിക്ഷാ അഭിയാൻ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി.​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വ​വും ത​മ്മി​ൽ തിങ്കളാഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് വ​ഴി തു​റ​ന്നി​രുന്നില്ല. ഇതേതുടർന്നാണ് കെ. ​രാ​ജ​ൻ, പി. ​പ്ര​സാ​ദ്, ജി.​ആ​ർ. അ​നി​ൽ, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ​ക്ക്​​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കിയത്.

മ​ന്ത്രി​സ​ഭ​യെ​യും ഇ​ട​തു​മു​ന്ന​ണി​യെ​യും വ​ഞ്ചി​ക്കു​ന്ന​താ​ണ്​ പി.​എം ശ്രീ​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​മെ​ന്നും ഒ​രു​ത​ര​ത്തി​ലു​മു​ള്ള വി​ട്ടു​വീ​ഴ്​​ച പാ​ടി​ല്ലെ​ന്നു​മാ​ണ്​ തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന സി.​പി.​ഐ എ​ക്സി​ക്യൂ​ട്ടീ​വ്​ യോ​ഗ​ത്തി​ലു​യ​ർ​ന്ന പൊ​തു​വി​കാ​രം. നേ​ര​ത്തെ പ​ല​തി​ലും ത​ർ​ക്ക​മു​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച​ ചെ​യ്​​ത​ത്​ അ​വ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ലാ​ണ്. എ​ന്നാ​ൽ പി.​എം ശ്രീ ​ആ​ശ​യ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ​തി​നാ​ൽ ഒ​ത്തു​തീ​ർ​പ്പ് പാ​ടി​ല്ല. സി.​പി.​ഐ​യു​ടെ​യും സി.​പി.​എ​മ്മി​ന്‍റെ​യും പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ രേ​ഖ​ക​ളി​ൽ ത​ന്നെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം എ​തി​ർ​ക്കേ​ണ്ട​ത്​ തു​റ​ന്നു​ പ​റ​യു​ന്നു​ണ്ട്​. അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തിയിരുന്നു.

അ​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച​യി​ൽ സി.​പി.​ഐ​യു​ടെ ആ​ശ​ങ്ക കേ​ട്ട മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ മെ​ല്ലെ​പോ​ക്ക്​ സ്വീ​ക​രി​ക്കാ​മെ​ന്നും വ്യ​വ​സ്ഥ​ക​ൾ പ​ഠി​ക്കാ​ൻ സി.​പി.​ഐ മ​ന്ത്രി​മാ​ര​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​സ​മി​തി എ​ൽ.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ലു​ണ്ടാ​ക്കാ​മെ​ന്നു​മു​ള്ള​ സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഫോ​ർ​മു​ല​യാ​ണ്​ മു​ന്നോ​ട്ടു​​വെ​ച്ച​ത്. ദേ​ശീ​യ നേ​തൃ​ത്വം ത​ന്നെ പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ച​തി​നാ​ൽ പ​ദ്ധ​തി​യി​ൽ നി​ന്ന്​ പി​ൻ​വാ​ങ്ങു​ക എ​ന്ന​തി​ൽ കു​റ​ഞ്ഞ​തൊ​ന്നും​ സി.​പി.​ഐ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ ബി​നോ​യ്​ വ്യ​ക്​​ത​മാ​ക്കി.

കേ​​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്കു​ള്ള 1500 കോ​ടി​യോ​ളം രൂ​പ​ ത​ട​ഞ്ഞു​വെ​ച്ച​താ​ണ്​ പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും പ​ണ​ത്തി​ന്‍റെ​യ​ല്ല നി​ല​പാ​ടി​ന്‍റെ പ്ര​ശ്ന​മാ​ണി​തെ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്റെ മ​റു​പ​ടി. ഭ​ര​ണ ​മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​ ത​ന്നെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ത​ദ്ദേ​ശ, നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് ഉണ്ടാക്കുന്നത്.

Tags:    
News Summary - CPM backs away from PM Shri; CPI will accept the condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.