പത്തിരിപ്പാല (പാലക്കാട്): മണ്ണൂരിൽ സി.പി.എം വിമതർ വിളിച്ചുചേർത്ത കൺവെൻഷനിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ പേർ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കളുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ വിമത കൺവെൻഷൻ വിളിച്ചത്. സ്ത്രീകളും നിരവധി പ്രവർത്തകരും ആറ് ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തു. ജയകൃഷ്ണൻ (കൊട്ടക്കുന്ന്), ദാസൻ (ചോലക്കുന്ന്), പി. ബാബു (ചിറയിൽ), വി.കെ.- കാളിദാസൻ (പൊട്ടുപാറ) പി.ആർ. രാജേഷ് (ഒന്നാം മൈൽ), സുരേഷ് (പെരടിക്കുന്ന്) എന്നിവരാണ് പങ്കെടുത്ത ബ്രാഞ്ച് സെക്രട്ടറിമാർ.
പാർട്ടിയെ തകർക്കുന്ന സമീപനമാണ് മണ്ണൂരിലെ സി.പി.എം നേതാക്കൾ സ്വീകരിക്കുന്നതെന്നും പാർട്ടിയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കപ്പൻ പറഞ്ഞു. തങ്ങൾക്കെതിരെയുള്ള ഭീഷണി വിലപ്പോവില്ല. ജനങ്ങളെ അണിനിരത്തി നേരിടും. യഥാർഥ സി.പി.എം പ്രവർത്തകരായിതന്നെ തുടരും. സംസ്ഥാന കമ്മിറ്റിയിലും ജില്ല കമ്മിറ്റിയിലും മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തങ്കപ്പൻ കൺവീനറായി 23 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പറഞ്ഞ് രണ്ടുപേരെ സസ്പെൻഡ് ചെയ്തതും രണ്ടുപേരെ താക്കീത് ചെയ്തതുമാണ് വിമത കൺവെൻഷനിലേക്ക് നയിച്ചത്. സമ്മേളനം ലക്ഷ്യമിട്ടാണ് തങ്ങൾക്കെതിരെ നടപടിയെടുത്തതെന്നും ഇവർ പറയുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുത്തതാണ് വിമതശബ്ദത്തിന് കാരണമെന്ന നിലപാടിലാണ് ഔദ്യേഗിക നേതൃത്വം. ഇവർക്കെതിരെ ഏരിയ നേതൃത്വം കർശന നടപടിയെടുക്കുമെന്ന് സൂചനയുണ്ട്. കൺവെൻഷനിൽ എം.സി. വാസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി. ബാബു, കെ. ജയകൃഷ്ണൻ, കെ.വി. മുഹമ്മദ്, വത്സമ്മ, ബാലകൃഷ്ണൻ, മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.