തിരുവനന്തപുരം: ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ സേവനങ്ങൾക്ക് പണമടക്കാനായി സ്ഥാപിച്ച കൗണ്ടറുകൾ അവസാനിപ്പിക്കാൻ ധനവകുപ്പ് നിർദേശം. ഓൺലൈൻ-ഡിജിറ്റൽ സംവിധാനങ്ങൾ കാര്യക്ഷമമായ സാഹചര്യത്തിൽ സർക്കാർ സേവനങ്ങൾക്കും കെ.എസ്.ഇ.ബി അടക്കം പൊതുമേഖല സ്ഥാപനങ്ങളുടെ സേവനങ്ങൾക്കുമായി പ്രത്യേകം പേമെന്റ് കൗണ്ടറുകൾ തുടരുന്നത് സാമ്പത്തികമായി ഉചിതമല്ലെന്ന് ധനവകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കുകയും ഇവിടങ്ങളിലെ ജീവനക്കാരെ മാതൃവകുപ്പുകളിലേക്ക് തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് സർക്കുലറിലെ നിഷ്കർഷ.
സർക്കാർ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഓരോ ഓഫിസിനും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് മാത്രമായും ബന്ധപ്പെട്ട ഓഫിസുകളുടെ നിയന്ത്രണാധികാര പരിധിക്കുള്ളിലും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഇക്കാര്യം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തണം. വീഴ്ച വരുത്തിയാൽ വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി കൈക്കൊള്ളുമെന്നാണ് മുന്നറിയിപ്പ്. വിവിധ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും പല കാരണങ്ങളാൽ വാഹനങ്ങളില്ലാത്തതുമൂലം ജോലിയില്ലാതെ തുടരുന്ന ഡ്രൈവർമാരെ അതത് വകുപ്പുകൾക്ക് കീഴിലെ ഓഫിസുകളിൽ കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഡ്രൈവർമാർക്ക് പകരമായി അടിയന്തരമായി പുനർവിന്യസിക്കണം.
ഒരു മാസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കണം. വിവിധ വകുപ്പുകൾക്ക് കീഴിൽ വർഷങ്ങളായി തുടരുന്നതും എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആവശ്യമില്ലാത്തതുമായ പദ്ധതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വകുപ്പ് തലത്തിൽ സ്വീകരിക്കണം. ഒരു കാരണവശാലും ചെലവുകൾ ബജറ്റ് വിഹിതത്തെ അധികരിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.