സര്‍ക്കാര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിമും കര്‍ട്ടനും അനുവദിക്കില്ലെന്ന് ഗതാഗത കമ്മീഷണര്‍

കണ്ണൂര്‍: വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള വാഹനങ്ങളില്‍ നിന്നും കൂളിങ് ഫിലിം, കര്‍ട്ടന്‍, കാഴ്ച മറയ്ക്കുന്ന മറ്റ് വസ്തുക്കള്‍, എക്‌സ്ട്രാ ഹോണുകള്‍, ക്രാഷ് ബാറുകള്‍, ബുള്‍ ബാറുകള്‍ മുതലായവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും നീക്കാനുള്ള ഓപ്പറേഷന്‍ സ്‌ക്രീന്‍ പദ്ധതിയില്‍ നിന്നും വി.ഐ.പികളുടെ വാഹനങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഗതാഗത വകുപ്പ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

മന്ത്രിമാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹന പരിശോധനയില്‍ യാതൊരു ഇളവുകളും ആര്‍ക്കും നല്‍കിയിട്ടില്ല. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂളിങ് ഫിലിം നീക്കാന്‍ അധികസമയം ആര്‍ക്കും അനുവദിച്ചിട്ടില്ല.

ഇസഡ്, ഇസഡ് പ്ലസ് സുരക്ഷാ വിഭാഗത്തിലുള്ള വ്യക്തികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്. പരിശോധന നടത്തുമ്പോള്‍ യാത്രക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. പൊതു പ്രവര്‍ത്തകനായ അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - cooling film and curtains will not be allowed in government vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.