തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതിയ കെ.പി.സി.സി പ്രസിഡന്റിനെ 10 ദിവസത്തിനകം പ്രഖ്യാപിച്ച് പുനഃസംഘടനക്ക് തുടക്കമിടാൻ കോൺഗ്രസ്.
സർക്കാർ അധികാരമേറ്റ് ഒരുമാസത്തിലേറെയായെങ്കിലും സർക്കാറും പാർട്ടിയും തമ്മിലെ ഏകോപനത്തിന്റെ അഭാവം കല്ലുകടിയായ പശ്ചാത്തലത്തിലാണ് നീക്കങ്ങൾ വേഗത്തിലായത്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാക്കളുമായി അനൗദ്യോഗിക ആശയവിനിമയം നടത്തി. രാഹുൽ ഗാന്ധി ഞായറാഴ്ചയോടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം നടപടികളിലേക്ക് കടക്കും. കേരളത്തിലെ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പുറമെ വർക്കിങ് പ്രസിഡന്‍റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസഭയിലെത്തിയതോടെയാണ് കോൺഗ്രസ് നേതൃപരമായി അനാഥമായത്. ഒന്നിനുപിറകെ ഒന്നായി വിവാദങ്ങൾ സർക്കാറിനെ വട്ടമിടുന്ന സ്ഥിതിയുമുണ്ടായി. ഈ നിർണായ ഘട്ടത്തിൽ നേതൃശൂന്യതയും സംഘടനാപരമായ നിർജീവതയും സർക്കാറിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള പാർട്ടിയുടെ ശേഷിയെ ബാധിച്ചെന്ന വിമർശനം ശക്തമാണ്.
കൃത്യമായ ഏകോപനമുണ്ടായിരുന്നെങ്കിൽ പി.എം-ശ്രീ, വീര്യം കുറഞ്ഞ മദ്യം, പ്ലീഡർ നിയമനം ഉൾപ്പെടെ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. ഭരണരംഗത്തെ പുതിയ നയരൂപവത്കരണങ്ങളും ഇതുസംബന്ധിച്ച് പാർട്ടിയിലുയരുന്ന വിയോജിപ്പുകളും കൃത്യമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം അടിവരയിടുന്നു. ഇതെല്ലാമാണ് ഇഴഞ്ഞുനീങ്ങിയ പുനഃസംഘടന ചർച്ചകളെ വേഗത്തിലാക്കുന്നത്.
അതിനിടെ, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നീക്കങ്ങഹ പരോക്ഷമായി സജീവമാണ്. ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ്, മാത്യു കുഴൽനാടൻ തുടങ്ങി നിരവധി പേരുകളാണ് അണിയറയിൽ കേൾക്കുന്നത്. ഒരാൾക്ക് ഒരു പദവി മാനദണ്ഡം കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും ജനപ്രതിനിധികളാണ്. പരിചയസമ്പന്നരായ ഇവരെ സംഘടനയിൽനിന്ന് മാറ്റിനിർത്തുന്നത് പാർട്ടിയുടെ അടിത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.