മമ്പാട്: ആം ആദ്മി നേതാവിനെ മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മമ്പാട് പഞ്ചായത്ത് ഓഫിസ് പരിസരത്താണ് സംഭവം. മര്‍ദനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി വണ്ടൂര്‍ നിയോജമണ്ഡലം കണ്‍വീനറായ എ. സവാദിനാണ് മർദനമേറ്റത്. ഇയാൾ മുമ്പ് സി.പി.എം മമ്പാട് ലോക്കൽ സെക്രട്ടറിയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീനിവാസന്‍റെ നേതൃത്വത്തിലാണ് തന്നെ മര്‍ദിച്ചതെന്ന് സവാദ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.ജൂലൈ 28ന് ചേര്‍ന്ന ടാണ ഗ്രാമസഭയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. ക്വാറം തികയാതെയാണ് ഗ്രാമസഭ ചേര്‍ന്നതെന്ന് പറഞ്ഞ് സവാദ് വിഡിയോ എടുക്കുന്നത് പ്രസിഡന്‍റ് വിലക്കിയിരുന്നു. മിനിറ്റ്സിന്‍റെ ഫോട്ടോ എടുക്കുന്നത് തടയുകയും ചെയ്തു.
പൊലീസ് സ്ഥലത്തെത്തിയാണ് ഗ്രാമസഭ തുടർന്നത്. ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ കാണാനാണ് താനും ആം ആദ്മി വണ്ടൂര്‍ മണ്ഡലം ട്രഷററും ഓഫിസിലെത്തിയതെന്നും തന്നെ കണ്ടതോടെ പ്രകോപനമൊന്നുമില്ലാതെ പ്രസിഡന്‍റ് ഓടിവന്ന് അടിക്കുകയായിരുന്നുവെന്നുമാണ് സവാദ് പരാതിയിൽ പറയുന്നത്. സി.പി.എമ്മിലെ ചില പ്രവര്‍ത്തകരും പ്രസിഡന്‍റിനൊപ്പം ചേര്‍ന്ന് തന്നെ ഗേറ്റിന് പുറത്താക്കുകയും മർദിക്കുകയും ചെയ്തു. നാട്ടുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും സവാദ് പറഞ്ഞു.
അതേസമയം, തന്നെ ജാതിപ്പേര് വിളിച്ച് കൈയേറ്റം ചെയ്തുവെന്നും ഡെപ്യൂട്ടി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം കഴിഞ്ഞു വന്ന തന്നെ ഓഫിസിനകത്തേക്ക് കയറാന്‍ അനുവദിക്കാതെ കൃത്യനിര്‍വഹണത്തിൽ തടസ്സം സൃഷ്ടിച്ചുവെന്നും കാണിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീനിവാസന്‍ സവാദിനെതിരെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പരാതി നൽകിയത്. തന്‍റെ വാർഡിൽ ഗ്രാമസഭ ചേർന്നപ്പോഴും സവാദ് തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരുന്നുവെന്നും ഗ്രാമസഭ സുഗമമായി നടത്താൻ സമ്മതിച്ചില്ലെന്നും പ്രസിഡന്‍റ് ശ്രീനിവാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.