എറണാകുളം: പറവൂരിൽ വീണ്ടും യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടാനിറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് കാണിച്ച് എൽ.ഡി.എഫും എൻ.ഡി.എയും പരാതി നൽകിയതിനെത്തുടർന്ന് നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചിരുന്നു. തുടർന്ന് സതീശൻ ഇതിന് വിശദീകരണം നൽകിയിരുന്നു.
അഭിഷാക വൃത്തിയിൽ നിന്നുള്ള ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് പരാതി. കൈവശമുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔദ്യോഗിക വാഹനത്തിന്റെ പേരിൽ ലഭിച്ച ട്രാഫിക് പെനാൽറ്റി തുക അടച്ചുതീർത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയിൽ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പരാതിയിൽ പറഞ്ഞിരുന്നു.
നേമത്തെ എൻ.ഡി.എ സ്ഥാനാഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രികയും കമ്മീഷൻ മാറ്റിവെക്കുകയും പിന്നീട് പരിശോധിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു. 26 ആണ് പത്രിക പിൻവലിക്കുന്നതിനുള്ള തിയ്യതി. ഇതിന് ശേഷം മണ്ഡലങ്ങളിലെ മത്സ ചിത്രം തെളിയും. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. മെയ് നാലിന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.