ന്യൂഡൽഹി: രാജ്യത്തെ വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഒരുസംഘം വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പൊതുപ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചു. വിഷയം വേണ്ടവിധം കൈകാര്യം ചെയ്യണമെന്ന് അവർ അഭ്യർഥിച്ചു. ന്യൂനപക്ഷങ്ങൾ, വിശിഷ്യ മുസ്‍ലിംകൾ അങ്ങേയറ്റത്തെ ആശങ്കയിലും അരക്ഷിതാവസ്ഥയിലും കഴിയേണ്ട സാഹചര്യം കത്ത് അടിവരയിടുന്നു.
ഒരു പരിധിവരെ ക്രിസ്ത്യൻ സമൂഹവും ഈവയസ്ഥയിലാണെന്ന് അവർ പറഞ്ഞു. പ്ലാനിങ് കമീഷൻ മുൻ സെക്രട്ടറി എൻ.സി. സക്സേന, ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, യു.കെയിലെ മുൻ ഹൈകമീഷണർ ശിവ് മുഖർജി, മുൻ സൈനിക ഉപമേധാവി റിട്ട. ലഫ് ജനറൽ സമീറുദ്ദീൻ ഷാ തുടങ്ങി 17 പേരാണ് കത്തിൽ ഒപ്പുവെച്ചത്.
രാജ്യത്തെ ഹിന്ദു -മുസ്‍ലിം ബന്ധം മോശമായതിൽ അവർ ആശങ്ക രേഖപ്പെടുത്തി. മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതലാണ് ഇത് ഇത്രയും വഷളായത്. രാജ്യചരിത്രത്തിലുടനീളം സാമുദായിക സംഘർഷങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 10 വർഷത്തിൽ പ്രശ്നങ്ങൾ വലിയതോതിലായി. ചില സർക്കാറുകളും ഭരണ സംവിധാനവും മുസ്‍ലിം വിരുദ്ധ നടപടികളിൽ പക്ഷംപിടിച്ചുള്ള തീരുമാനങ്ങളാണ് എടുക്കുന്നത്. പശുവിറച്ചി ഉപയോഗം ആരോപിച്ചുള്ള ആൾക്കൂട്ടക്കൊല, ഇസ്‍ലാം വിരോധം വെളിപ്പെടുന്ന പ്രസംഗങ്ങൾ, മുസ്‍ലിംകളുടെ വീടുകൾ തകർക്കാനുള്ള പ്രാദേശിക ഭരണകൂട ഉത്തരവുകൾ തുടങ്ങിയവയിലെല്ലാം ഈ പൊതുനയം നിഴലിക്കുന്നുണ്ട്. മുസ്‍ലിംകൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾക്കു നേരെയും ആക്രമണമുണ്ടാകുന്നതായാണ് റിപ്പോർട്ട്. ഇത് സാമ്പത്തിക -സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കും. മധ്യകാലഘട്ടത്തിലെ പള്ളികളിലും ദർഗകളിലും പുരാവസ്തു സർവേ നടത്താൻ സമ്മർദം ചെലുത്തുകയാണ് വലതുപക്ഷ ഗ്രൂപ്പുകൾ. ആരാധനാലയ സംരക്ഷണ നിയമം ഇത്തരം ശ്രമങ്ങളെ തടയിടുന്നതായിട്ടും ചില കോടതികൾ ഇക്കാര്യത്തിൽ അനാവശ്യ തിടുക്കം കാണിക്കുകയാണ്. ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമെന്ന തത്ത്വത്തിന് വിരുദ്ധമാണ്. പ്രധാനമന്ത്രി ശക്തമായ നടപടിയെടുക്കണം. ഭരണഘടനയെ മാനിക്കാനും നിയമവാഴ്ച ഉറപ്പാക്കാനും സംസ്ഥാനങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ മതസമൂഹങ്ങളുടെ സംയുക്ത യോഗം വിളിക്കണം -കത്ത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.