കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയായിരുന്ന മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി സഹപ്രവർത്തകൻ. മകളുടെ മരണത്തിന് കാരണം ഐ.ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷാണെന്ന് മേഘയുടെ കുടുംബം ആരോപിച്ചിരുന്നു. സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറിയ മനോവിഷമത്തിലാണ് മേഘ മരിച്ചത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് സുകാന്ത് മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. ആരോപണമുയർന്ന സമയത്ത് ഒളിവിലായിരുന്നു സുകാന്ത്.
മേഘയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നാണ് സുകാന്ത് ജാമ്യഹരജിയിൽ സൂചിപ്പിക്കുന്നത്. വൈകാരികമായും മാനസികമായും ഏറെ അടുപ്പമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും ആഗ്രഹിച്ചിരുന്നു. മേഘ ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ അവരുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. എന്നാൽ വിവാഹകാര്യത്തിൽ ജ്യോതിഷിയുടെ അഭിപ്രായം തേടാനായിരുന്നു മേഘയുടെ കുടുംബത്തിന്റെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനു ശേഷം കുടുംബത്തിന്റെ തീരുമാനം മാറി. മാത്രമല്ല, താനുമായി ബന്ധം പുലർത്തുന്നത് മേഘയുടെ വീട്ടുകാർ എതിർത്തുവെന്നും സുകാന്ത് ഹരജിയിൽ പറയുന്നു.
താനുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യാൻ മാതാപിതാക്കൾ മേഘയെ നിർബന്ധിച്ചു. മാതാപിതാക്കളുടെ സമീപനത്തിൽ നിരാശയായ യുവതി വലിയ സമ്മർദത്തിലായിരുന്നു. സുകാന്തിനൊപ്പം നിൽക്കാനായിരുന്നു മേഘയുടെ തീരുമാനം. ബന്ധം തുടരാൻ തീരുമാനിച്ച ഇരുവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.
മരിച്ച ദിവസം ജോലിക്കു പോയ മേഘ സാധാരണ പോലെയാണ് തന്നോട് സംസാരിച്ചത്. കുടുംബം മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിൽ യുവതിക്ക് വലിയ സമ്മർദമുണ്ടായിരുന്നു. അതിനാൽ മരണവുമായി തനിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും സുകാന്ത് ജാമ്യഹരജിയിൽ ആവർത്തിച്ചു.
എന്നാൽ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ മേഘയുടെ കുടുംബം തള്ളി. വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് സുകാന്ത് ശ്രമിച്ചതെന്നാണ് കുടുംബം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.