നാദാപുരം ബലാത്സംഗം പോലുള്ള വൈകാരിക പ്രചാരണങ്ങൾ ഉണ്ടായേക്കാമെന്ന്​ മുഖ്യമന്ത്രി

ആലപ്പുഴ: തെര‌ഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാക്കി വൈകാരികത സൃഷ്​ടിക്കാൻ ശ്രമം ഉണ്ടായേക്കാമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണത്തിന്‍റെ അവസാന നിമിഷം നാദാപുരം ബലാത്സംഗം പോലുള്ള കള്ളക്കഥകൾ ഇറക്കി വൈകാരികത സൃഷ്​ടിക്കുന്നത്​ കരുതിയിരിക്കണം. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് സമയത്ത് കെവിൻ എന്ന ചെറുപ്പക്കാരനെ കൊന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന പ്രചരണം ഉണ്ടായെന്നും പരാജയ ഭീതിയിൽ അതേ പോലെ പ്രചരണങ്ങൾ വന്നേക്കാമെന്നുമാണ് ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ പിണറായി പറഞ്ഞത്​.

സംഘപരിവാർ നീക്കങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതാവസ്ഥ ഉണ്ട്​. ഇത് മുതലാക്കാനാണ്​ എസ്​.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി ഒക്കെ ശ്രമിക്കുന്നത്​. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ ആകില്ല.

വോട്ടർ പട്ടികയിലെ ക്രമക്കേട് സംഘടിത നീക്കം കാരണമല്ല. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തത്​. എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ. എൻ.എസ്.എസിന് വിമർശിക്കേണ്ട ഒന്നും സർക്കാർ ചെയ്തിട്ടില്ല. വസ്തുതകൾ ഇല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ല. എൻ.എസ്.എസിന്‍റെ നിലപാട് എല്ലാ കാലത്തും സമദൂരം ആണെന്നും ചിലപ്പോൾ ശരി ദൂരം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണം എന്ന് ജനം ആഗ്രഹിക്കുന്നുണ്ട്​. എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലമാണ്​. കോൺഗ്രസ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണ്​. നേതാക്കൾ വലിയ രീതിയിൽ ബി.ജെ.പിയിലേക്ക് പോകുന്നുണ്ട്​. പാർട്ടിയി​ലെ സ്ത്രീ വിരുദ്ധത ആരോപിച്ചാണ്​ കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ റോസക്കുട്ടി പാർട്ടി വിട്ടത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷാണ്​ തല മുണ്ഡനം ചെയ്ത്​ ആരോപണങ്ങൾ ഉന്നയിച്ച് ഇറങ്ങി പോയത്​.

ബി.ജെ.പിക്ക് സ്ഥാനാർഥികൾ ഇല്ലാത്ത അവസ്ഥ പ്രശ്നമാണ്​. പ്രാദേശികമായി വോട്ട് കോൺഗ്രസിന് നൽകാൻ പോകുന്നതിന്‍റെ തെളിവാണത്​. പ്രത്യേക അജണ്ടകൾ നടക്കുന്നുണ്ട്. യുഡിഎഫിന് വേണ്ടി ഒത്തുകളി നടക്കുന്നുണ്ടെന്നും അത് പിന്നീട് തെളിയുമെന്നും പിണറായി ആരോപിച്ചു.

Tags:    
News Summary - CM says there may be emotional propaganda like Nadapuram rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT