പി. ജയരാജൻ, ഇ.പി. ജയരാജൻ

പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ; അന്വേഷണത്തിന് പാർട്ടി കമീഷൻ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് നൽകിയ കത്തിലാണ് ഇ.പി ജയരാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പി. ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലും പി. ജയരാജനാണെന്നും വനിതാ നേതാവിന്റെ കൈയിൽനിന്നും പി. ജയരാജൻ പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നും ആരോപിക്കുന്നുണ്ട്. മാങ്കുളത്തെ റിസോർട്ടിന്റെ ഉടമസ്ഥാവകാശത്തിൽ പി.ജെക്ക് പങ്കുണ്ട്, ദുബൈയിൽ നടക്കാറുള്ള ബോർഡ് മീറ്റിങ്ങിൽ പി. ജയരാജൻ അധ്യക്ഷനായിരുന്നു, സ്വർണക്കടത്തുക്കാരനായ മറ്റൊരാളാണ് ഓഹരിയുടെ മറ്റോരു പങ്കാളി, പിണറായി വിജയനും മകൾക്കുമെതിരെ രേഖകൾ ശേഖരിച്ചുവെന്നും കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണ നടത്തിയതിന് പിന്നിലും പി. ജയരാജൻ ആണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.

അതേസമയം, ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട് വിവാദവും പി. ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കാൻ പാർട്ടി കമീഷനെ നിയമിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്‌ണനുമാണ് അന്വേഷണ കമീഷൻ അംഗങ്ങൾ. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ.പി. ജയരാജൻ എഴുതി നൽകിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി. ജയരാജന്റെ നീക്കം.

പി. ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയിൽ ഇ.പി ആരോപിക്കുന്നു. സ്വർണം പൊട്ടിക്കൽ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന ആരോപണത്തിലും കഴമ്പുണ്ടെന്നും സി.പി.എം നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ നവമാധ്യമ സംഘം പി. ജയരാജന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വൈദേഹം റിസോർട്ടുമായി ഇ.പി. ജയരാജനുള്ള പങ്കും സാമ്പത്തിക ക്രമക്കേടും ആസ്തി സംബന്ധിച്ച പി. ജയരാജന്റെ ആരോപണങ്ങളും ഈ അന്വേഷണ കമീഷൻ പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - E.P. Jayarajan Accuses P. Jayarajan; CPM Probe Ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.