‘ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കാൻ സൗകര്യമില്ല’; കോടതി വിധിക്ക് പിന്നാലെ കാലടി സമരപ്പന്തലിൽ ആഹ്ലാദാരവം

കൊച്ചി: ഹൈകോടതിയിൽനിന്ന് അനുകൂല വിധി വന്നതോടെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയി​ലെ സമരപ്പന്തലിൽ വിദ്യാർഥികളുടെ ആഹ്ലാദാരവം. ‘ജീവിതത്തിൽ തോറ്റുപോയാലും ആർ.എസ്.എസിനോട് തോൽക്കാൻ സൗകര്യമില്ല’ എന്നായിരുന്നു വിധി വന്നതിനുപിന്നാലെ സമരക്കാരുടെ പ്രതികരണം.

‘തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ മാപ്പ് പറയേണ്ട ആവശ്യമില്ല. സസ്പെൻഷനും അറസ്റ്റും പരീക്ഷാനിഷേധവും ഉൾപ്പെടെയുള്ള നടപടികളിലൂടെ വിദ്യാർഥികളെ വേട്ടയാടുകയായിരുന്നു’ -എസ്.എഫ്.ഐ നേതാക്കൾ ആരോപിച്ചു.

മാപ്പെഴുതി നൽകിയാലേ സസ്പെൻഷൻ പിൻവലിക്കൂ എന്ന സർവകലാശാലയുടെ നിലപാട് കോടതി തള്ളിയതിനെ വിദ്യാർഥികൾക്ക് സ്വാഗതം ചെയ്തു. സമരത്തിന്റെ തുടക്കം മുതൽതന്നെ ‘മാപ്പുമില്ല, ഒരു കോപ്പുമില്ല’ എന്നതായിരുന്നു തങ്ങളുടെ നിലപാട് എന്ന് ഇവർ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ വിദ്യാർഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു.

വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ഹൈക്കോടതി അംഗീകരിച്ചെന്നും വൈസ് ചാൻസലർ സിസ തോമസിനും സർവകലാശാല അധികൃതരുടെ നിലപാടുകൾക്കും കനത്ത തിരിച്ചടിയാണ് വിധിയെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ വിദ്യാർഥികൾ പരീക്ഷയെഴുതും. നാലു മാസത്തോളമായി 16 വിദ്യാർഥികൾ അനുഭവിച്ച ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയായതെന്നും നേതാക്കൾ പറഞ്ഞു.

ജൂലൈ 22നാണ് സർവകലാശാലയിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം തുടങ്ങിയിട്ട് 124 ദിവസവും വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 85 ദിവസവുമായെന്ന് നേതാക്കൾ പറഞ്ഞു. തെറ്റുചെയ്യാത്ത വിദ്യാർഥികളെ 80 ദിവസത്തോളമാണ് കാമ്പസിന് പുറത്തുനിർത്തിയത്. വിദ്യാർഥികളുടെ പഠനവും സെമസ്റ്റർ പരീക്ഷകളും തടസ്സപ്പെട്ടതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും വൈസ് ചാൻസലർ സിസ തോമസിനും ഉത്തരവാദിത്തമുണ്ടെന്നും ഇവർ ആരോപിച്ചു.

എസ്.എഫ്.ഐയെ തകർക്കാൻ കെ.എസ്.യുവും സംഘപരിവാറും റോജി എം. ജോണും സിസ തോമസും ശ്രമിച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല കോടതിയെ സമീപിച്ചത് അസാധാരണ നടപടിയാണെന്നും ഇതിനു പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങൾ വ്യക്തമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.

Tags:    
News Summary - ‘Cannot lose to RSS’ cheers at Kalady SFI strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.