കുട്ടികളെ കടത്തൽ: രക്ഷിതാക്കള്‍ ആധിയില്‍; ഇല്ലാക്കഥ മെനഞ്ഞ് വ്യാജ സന്ദേശ മാഫിയ

കോട്ടക്കല്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന വ്യാപക വ്യാജസന്ദേശങ്ങളില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍. കുട്ടികളെ കടത്താന്‍ ശ്രമിച്ചുവെന്ന വ്യാജസന്ദേശങ്ങളാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിവിധ സ്റ്റേഷന്‍ എസ്.ഐമാരുടെ നമ്പറും ഉള്‍പ്പെടുത്തിയാണ് വാട്സ്ആപ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിന്‍െറ ഉറവിടം അന്വേഷിക്കാന്‍ പൊലീസ് ശ്രമിക്കാത്തതും പിന്നിലുള്ളവര്‍ക്ക് അനുഗ്രഹമാകുന്നു. ജില്ലയില്‍ ഒരു കുട്ടിയെ പോലും തട്ടിക്കൊണ്ടുപോയിട്ടില്ളെന്ന് അധികൃതര്‍ ആണയിടുമ്പോഴും ‘വ്യാജ സന്ദേശ മാഫിയ’ അരങ്ങ് തകര്‍ക്കുകയാണ്. ചൊവ്വാഴ്ച രാത്രി വളാഞ്ചേരി മൂടാല്‍, കാവുപുറം, പുത്തനത്താണിക്ക് സമീപം കുട്ടികളത്താണി, എടരിക്കോട്, താനാളൂര്‍, കുറ്റിപ്പാല, തിരൂര്‍ എന്നിവിടങ്ങളില്‍ ജനം വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി. കുറ്റിപ്പാലയില്‍ രാത്രി ദര്‍സ് വിദ്യാര്‍ഥിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നതോടെയാണ് ജനം പരിശോധനക്കിറങ്ങിയത്. വാഹനങ്ങളുടെ നിറവും നമ്പറും ഉള്‍പ്പെടുത്തി പ്രചരിച്ച സന്ദേശത്തെ തുടര്‍ന്ന് ജനം തെരുവിലിറങ്ങുകയായിരുന്നു. നിയമപാലകര്‍ പോലും അറിയാതെയാണ് ഇത്തരം പരിശോധന. കൈ കാണിച്ച് നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ഷെയര്‍ ചെയ്താണ് ഇത്തരക്കാര്‍ ആശങ്ക പരത്തുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച കല്‍പകഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി ആദ്യം ഉയര്‍ന്നത്. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ സില്‍വര്‍ നിറത്തിലുള്ള ഓംമ്നി വാനില്‍ കടത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഉച്ചക്ക് ശേഷം ആണ്‍കുട്ടിക്ക് നേരെയും സമാന സംഭവം ഉണ്ടായതായി പരാതി ഉയര്‍ന്നു. നിരീക്ഷണ കാമറകള്‍ വഴി പരിശോധന നടത്തിയെങ്കിലും പൊലീസിന് തെളിവൊന്നും ലഭിച്ചില്ല. തൊട്ടടുത്ത ദിവസം കല്ലിങ്ങലിലും വിദ്യാര്‍ഥിനിക്ക് നേരെ കടത്താന്‍ ശ്രമം നടന്നതോടെയാണ് പൊലീസ് പരാതി സ്വീകരിച്ചത്. ബുധനാഴ്ച രാവിലെയും കല്‍പകഞ്ചേരിയില്‍ വിദ്യാര്‍ഥിയെ കടത്താന്‍ ശ്രമിച്ചുവെന്ന പരാതിയുമായി അധ്യാപകരും  രക്ഷിതാക്കളും സ്റ്റേഷനില്‍ എത്തി.

ഓംമ്നി വാന്‍, മാരുതി എന്നീ വാഹനങ്ങള്‍ ഉള്ളവര്‍ക്ക് നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഉടമകള്‍ പറയുന്നു. പൊലീസിന്‍െറ വഴി തിരിച്ചുവിടാനുള്ള ശ്രമമാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കുഴല്‍പ്പണ മാഫിയയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായാണ് സൂചന. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തിരൂര്‍ ഡിവൈ.എസ്.പി. എ.ജെ. ബാബു ‘മാധ്യമത്തോട്’ പറഞ്ഞു. തിരൂര്‍ ഡിവിഷന് കീഴില്‍ മൂന്ന് പരാതികളാണ് ലഭിച്ചതെന്നും സന്ദേശങ്ങളുടെ ഉറവിടം കണ്ടത്തൊനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു. 
Tags:    
News Summary - child trafficking malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.