പാലക്കാട്: പാലക്കാട് യു.ഡി.എഫ് ഏഴ് സീറ്റുകൾ പിടിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പാലക്കാട് മണ്ഡലത്തിൽ വിജയ സാധ്യതയില്ലെന്നാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. വോട്ടെണ്ണും മുമ്പേ കോൺഗ്രസ് വിജയിച്ചുവെന്ന് സി.പി.എം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സി.പി.എമ്മിന് ഗതികേടാണെന്നും ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജൻസിയായി പാലക്കാട്ടെ സി.പി.എം മാറിയെന്നും വി.കെ. ശ്രീകണ്ഠൻ വിമർശിച്ചു. ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും യോഗ്യരാണെന്നും മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ അറിയപ്പെടുന്ന ശക്തനായ നേതാവാണ് കെ.സി. വേണുഗോപാൽ. രമേശ് ചെന്നിത്തല കേരള സമൂഹത്തിന് ഇഷ്ടപ്പെട്ട നേതാവാണ്. അതുപോലെയാണ് വി.ഡി. സതീശനും. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കന്മാരുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട സമയത്ത് നേതൃത്വം തീരുമാനിക്കും. മുഖ്യമന്ത്രി ചർച്ച കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എറണാകുളത്തുനിന്ന് മുഖ്യമന്ത്രിയെ വേണമെന്ന മുഹമ്മദ് ഷിയാസിന്‍റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹമാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. പൊതുസമൂഹം വി.ഡി. സതീശനെ രാഷ്ട്രീയ വനവാസത്തിന് അയക്കില്ല. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാവില്ലെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇത്തവണ രാഷ്ട്രീയ അട്ടിമറി നടക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ജില്ലയിൽ നിലവിലുള്ള രണ്ട് സീറ്റുകൾ, ഏഴു സീറ്റുകൾ വരെ ഉയരാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ ആധ്യപത്യമുണ്ടെന്നും വിജയം ഉറപ്പാണെന്നാണ് യു.ഡി.എഫിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിങ് സീറ്റുകളായ പാലക്കാട്, മണ്ണാർക്കാട് എന്നിവക്ക് പുറമേ തൃത്താലയിലും ചിറ്റൂരിലും വൻ വിജയമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽ.ഡി.എഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും ചിറ്റൂരിലും തൃത്താലയിലും ഗുണകരമാക്കുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. പാലക്കാട് മണ്ഡലം രമേഷ് പിഷാരടിയിലൂടെ നിലനിർത്താനാകും. മണ്ണാർക്കാട് എൻ. ഷംസുദ്ദീന് നാലാം വിജയം ഉറപ്പാണെന്നതിലും യു.ഡി.എഫിന് സംശയമില്ല.
എം.ബി. രാജേഷ് കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃത്താല ഇക്കുറി ബൽറാം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിനെതിരെയും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ സുമേഷ് അച്യുതന് ഗുണമാകുമെന്നാണ് വിലയിരുത്തൽ. കോങ്ങാട് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നുണ്ട്. ഇതിനുപുറമെ, ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഒറ്റപ്പാലത്ത് ഇത്തവണ അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും മുന്നണി നേതാക്കൾ അവകാശപ്പെട്ടു. സി.പി.എം വിട്ടെത്തിയ പി.കെ. ശശിയിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത്. ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും ജില്ലയിൽ യു.ഡി.എഫിന് വലിയ മുന്നേറ്റം നൽകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.