ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നില്ളെന്ന് സി.എ.ജി

തിരുവനന്തപുരം: നിയമവും ചട്ടവും നോക്കുത്തിയാക്കി, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നില്ളെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 1957ലെ ഭൂസംരക്ഷണനിയമം 1958ലെ ചട്ടവും അനുസരിച്ച് ഭൂമി കൈയേറ്റം തടയേണ്ട ചുമതല തഹസിദാര്‍ക്കും വില്ളേജ് ഓഫിസര്‍ക്കുമാണ്. നിയമമനുസരിച്ച് സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെക്കുന്നവരില്‍നിന്ന് പിഴയീടാക്കുകയും അതിലെ അനധികൃത നിര്‍മാണം, കൃഷിവിളകള്‍ എന്നിവക്ക് നോട്ടീസ് നല്‍കുകയും ഒഴിപ്പിക്കുകയുംവേണം. എന്നാല്‍, ഇക്കാര്യത്തില്‍ റവന്യൂ അധികൃതര്‍ പരിശോധനപോലും നടത്തുന്നില്ല. 

ഹൈകോടതി നിര്‍ദേശിച്ചിട്ടും പല കൈയേറ്റങ്ങളും ഒഴിപ്പിച്ചിട്ടില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീരുമേട് കുമിളിയില്‍ 5.87 ഏക്കര്‍ ഭൂമി കൈയേറിയത് ഒഴിപ്പിക്കണമെന്ന് ഹൈകോടതി 2015 ഫെബ്രുവരിയിലും ഡിസംബറിലും നിര്‍ദേശം നല്‍കി. എന്നാല്‍, നടപടി ഉണ്ടായില്ല. ദേവികുളം കെ.ഡി.എച്ച് വില്ളേജില്‍ നല്ല താന്നിപ്പുഴ കൈയേറിയതിന്‍െറ വിസ്തീര്‍ണവും നിര്‍ണയിച്ചിട്ടില്ല. അത് ആറ് ആഴ്ചക്കുള്ളില്‍ ഒഴിപ്പിക്കണമെന്ന് 2014 നവംബറില്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ഇക്കാനഗറില്‍ കൈയേറിയ സ്ഥലം ഒഴിപ്പിക്കണമെന്ന് 2015ല്‍ ഉത്തരവിട്ടെങ്കിലും നടപ്പായിട്ടില്ല. 

സുല്‍ത്താന്‍ ബത്തേരി കൃഷ്ണഗിരി വില്ളേജില്‍ കൈയേറ്റത്തിനെതിരെ 2007ല്‍ ഹൈകോടതി ഉത്തരവിട്ട് ഒമ്പത് വര്‍ഷത്തിനുശേഷവും നടപടിയൊന്നുമുണ്ടായില്ല. പീരുമേട് വാഗമണ്‍ വില്ളേജിലെ ഭൂമി സാജ്ഫ്ലൈറ്റ് സര്‍വിസ് പ്രൈവറ്റ് ലിമിറ്റഡിന്‍െറ കൈവശമാണ്. ഇവിടെയാണ് ‘വാഗമണ്‍ ഹൈഡൗട്ട്’ എന്ന റിസോര്‍ട്ട്. അത് 2011ല്‍ കുടിയൊഴിപ്പിച്ചെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണമെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. 
വാഗമണ്‍ വില്ളേജില്‍ നാലേക്കര്‍ കൈയേറിയത് റവന്യൂ ഉദ്യോഗസ്ഥര്‍ തിരിച്ചുപിടിച്ച് സര്‍ക്കാര്‍ ഭൂമിയെന്ന് ബോര്‍ഡും സ്ഥാപിച്ചു. എന്നാല്‍, ഭൂമി ഇപ്പോഴും സ്വകാര്യവ്യക്തിയുടെ കൈവശംതന്നെയാണ്. കണ്ണന്‍ ദേവന്‍ മലയിലാക്കട്ടെ റവന്യൂ അധികാരികള്‍ കൈയേറ്റം ഒഴിപ്പിച്ചശേഷം നിരവധിതവണ കൈയേറ്റം ആവര്‍ത്തിച്ചതായി കണ്ടത്തെി. അതേസമയം നടപടി സ്വീകരിക്കുമെന്നാണ് ലാന്‍ഡ് റവന്യൂ കമീഷണറുടെ മറുപടി. 

Tags:    
News Summary - cag report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.