ലോക്സഭ
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതിക്കുള്ള ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഒപ്പം, ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭയുടെ അനുമതി ലഭിച്ചു. നിർദിഷ്ട ഭേദഗതികൾ വെറുമൊരു നിയമനിർമാണ പ്രക്രിയയല്ലെന്നും രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി വിവിധ പത്രങ്ങളിൽ ലേഖനം എഴുതി.
നിലവിൽ പ്രഖ്യാപിച്ച സെൻസസ് ഡേറ്റക്കുപകരം 2011ലെ സെൻസസ് ഡേറ്റ ഉപയോഗിച്ച് വനിതാ സംവരണം വേഗത്തിലാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ നിർദേശപ്രകാരം ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543ൽ നിന്ന് 816 ആയി ഉയർത്തും. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്റെ കരട് രൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകളിൽനിന്ന് വിട്ടുനിന്നു.
കോൺഗ്രസ് പ്രവർത്തക സമിതി വെള്ളിയാഴ്ച യോഗം ചേർന്ന് പ്രത്യേക സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കും. നിർദിഷ്ട ഭേദഗതികളെക്കുറിച്ച് സർക്കാർ കൃത്യമായ വിവരം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.