കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ഫർസീനയെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ -പി. സന്ദീപ്
ഉപതെരഞ്ഞെടുപ്പ് ഫലം; ഇടതിന് ആത്മവിശ്വാസം, ഭരണത്തിന് സമ്മിശ്ര മാർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം നിയമസഭയിൽ കനത്ത തിരിച്ചടിയേറ്റ എൽ.ഡി.എഫിന് നേട്ടവും ആത്മവിശ്വാസവുമേകുമ്പോൾ മറുഭാഗത്ത് യു.ഡി.എഫ് സർക്കാറിന്‍റെ നാല് മാസത്തെ ഭരണനയങ്ങളിൽ ജനം സമ്മിശ്രമായി പ്രതികരിച്ചുവെന്നതും വ്യക്തമാകുന്നു. മൊത്തം സീറ്റുകളുടെ കണക്കിൽ 38ൽ 19ഉം നേടിയ യു.ഡി.ഫിന് ആശ്വസിക്കാം.
അതേസമയം തങ്ങളുടെ കൈവശമുണ്ടായിരുന്ന 22 സീറ്റുകളാണ് 19ലേക്ക് കുറഞ്ഞതെന്നതും എം.എൽ.എമാരാകുന്നതിനായി രാജിവെച്ച രണ്ട് തദ്ദേശ സീറ്റുകൾ എൽ.ഡി.എഫ് കയ്യടിക്കിയെന്നതും യു.ഡി.എഫിന് പരിക്കാണ്. ഏഴ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ നാല് സീറ്റുകളാണ് യു.ഡി.എഫ് എതിരാളികളിൽനിന്ന് സ്വന്തമാക്കാനായത്. കോൺഗ്രസിനാകെ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ജനം തിരിഞ്ഞുകുത്തിയെന്നത് മണ്ഡലത്തിലെ രണ്ട് തദ്ദേശ സീറ്റുകളും കൈവിട്ടത് അടിവരയിടുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലം കേവലം നാല് മാസം തികക്കുന്ന സർക്കാറിനുള്ള സമഗ്രമായ മാർക്കിടലാണെന്നോ ഭരണവിരുദ്ധവികാരമുണ്ടെന്നതിനോ തെളിവായി പറയാനാവില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ ശക്തമായ തരംഗം താഴേത്തട്ടിൽ അതേപടി നിലനിൽക്കുന്നു എന്നും പറയാനാകില്ല.
എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം, സീറ്റുകളുടെ എണ്ണത്തിൽ കേവല ഭൂരിപക്ഷത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും വോട്ടർമാർ ഇടതുപക്ഷത്തെ പൂർണമായും കൈവിട്ടിട്ടില്ലെന്നും, സർക്കാർ വീഴ്ചകൾ ജനങ്ങൾക്കിടയിൽ കൃത്യമായി തുറന്നുകാട്ടിയാൽ തിരിച്ചുവരവ് സാധ്യമാണെന്നുമുള്ള പ്രതീക്ഷ പകരുന്നു. തെറ്റുതിരുത്തൽ നീക്കങ്ങളെ ജനം അംഗീകരിക്കുന്നുവെന്നതും സി.പി.എം തെരഞ്ഞെടുപ്പ് ഫലം മുൻനിർത്തി സ്ഥാപിക്കുന്നു.
പ്രിയദർശിനിയും ഓപറേഷൻ തൂഫാനും വയോജന വകുപ്പും ആശമാരുടെ വേതന വർധനവുമടക്കം നാല് മാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പവർകട്ട് ഉൾപ്പെടെ ജനം നേർക്കുനേർ അനുഭവിച്ച് പ്രശ്നങ്ങളടക്കം ജനങ്ങൾക്കിടയിൽ ചർച്ചയാക്കിയാണ് എൽ.ഡി.എഫ് പ്രചാരണം. 38 വാർഡുകളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിയാതിരുന്നത് സംസ്ഥാനത്ത് ബി.ജെ.പി നേരിടുന്ന കടുത്ത സംഘടനാപരമായ പ്രതിസന്ധിയെയും സ്വീകാര്യതയില്ലായ്മയെയും തുറന്നുകാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.