????????? ????????? ?????????????? ?????????????? ??????????????? ?????? ???????????

കുറ്റ്യാടി: കല്യാണ വീട്ടില്‍ സദ്യ വിളമ്പാന്‍ എത്തിയ കാറ്ററിങ് സര്‍വിസ് സംഘത്തില്‍ വിജിലന്‍സ് സി.ഐയെയും ഗസറ്റഡ് ഉദ്യോഗസ്ഥരെയും കണ്ടപ്പോള്‍ ഗൃഹനാഥനടക്കമുള്ളവര്‍ക്ക് ആദ്യം ഞെട്ടല്‍. കാറ്ററിങ് സര്‍വിസ് നടത്തി കാരുണ്യപ്രവര്‍ത്തനത്തിന് പണമുണ്ടാക്കാന്‍ എത്തിയ വാണിമേല്‍ ബ്രദേഴ്സ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ പ്രവര്‍ത്തകരാണ് ഇവരെന്നറിഞ്ഞപ്പോള്‍ പിന്നെ കൗതുകം.

കുറ്റ്യാടി നരിക്കൂട്ടുംചാലിലെ സിമെക്സ് കുഞ്ഞബ്ദുല്ലയുടെ മക്കളുടെ വിവാഹത്തിനാണ് കോഴിക്കോട് വിജിലന്‍സ് യൂനിറ്റിലെ സി.ഐ  വി.എം. അബ്ദുല്‍ വഹാബ്, വെള്ളിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു അധ്യാപകരായ എസ്. മുഹമ്മദ്, വി. അസീസ്, വളയം ഗവ. ഹയര്‍സെക്കന്‍ഡറിയിലെ പ്ളസ് ടു അധ്യാപകന്‍ കെ.എം. കുഞ്ഞബ്ദുല്ല എന്നിവരടക്കം 135 പേര്‍ എത്തിയത്. അധ്യാപകരും എന്‍ജിനീയര്‍മാരും വിദ്യാര്‍ഥികളുമടക്കമുള്ള സംഘത്തില്‍ പകുതിയിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പ്ളസ് ടു വിദ്യാര്‍ഥികളായ സി.പി. ഹിബ, വി.എം. നാജിയ എന്നിവരും സംഘത്തിലുണ്ട്.  ട്രസ്റ്റിന്‍െറ യൂനിഫോമണിഞ്ഞ് മികച്ച സേവനമാണ് ഇവര്‍ കാഴ്ചവെച്ചത്.

ഈ കാറ്ററിങ് യൂനിറ്റിന്‍െറ സേവനത്തിന് പ്രതിഫലമില്ല. വീട്ടുടമയില്‍ നിന്ന് സംഭാവനയാണ് സ്വീകരിക്കുക. മൂന്നു കൊല്ലമായി തങ്ങള്‍ ഈ രംഗത്തുണ്ടെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി. ഷൗക്കത്തലി, സെക്രട്ടറി എ.പി. അസ്ലം, ട്രസ്റ്റി പി.കെ. റിയാസ് എന്നിവര്‍ പറഞ്ഞു.

27 കൊല്ലം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ബ്രദേഴ്സ് വാണിമേല്‍ ജില്ലയിലെ അറിയപ്പെടുന്ന വോളിബാള്‍ ടീം കൂടിയാണ്. സംസ്ഥാന, ദേശീയ ടീമുകളിലെ പല മികച്ച കളിക്കാരും ബ്രദേഴ്സിലൂടെ വളര്‍ന്നവരാണ്. നടക്കാവ് സി.ഐ ടി.കെ. അഷ്റഫ്, പയ്യന്നൂര്‍ സി.ഐ എം.ടി. ആസാദ്, എടച്ചേരി എസ്.ഐ യൂസുഫ് നടുത്തറ എന്നിവര്‍ ‘ബ്രദേഴ്സിലെ’  വോളിബാള്‍ താരങ്ങളായിരുന്നു. വര്‍ഷാവര്‍ഷം വോളിബാള്‍ ടൂര്‍ണമെന്‍റ് നടത്തി ലഭിക്കുന്ന ഫണ്ടും പ്രവര്‍ത്തകര്‍ കുറി നടത്തി ലഭിക്കുന്ന വിഹിതവും ജീവകാരുണ്യ  പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. വര്‍ഷം 20 ലക്ഷത്തോളം രൂപ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്നു.

അര്‍ഹരുടെ വീട് നിര്‍മാണം, അറ്റകുറ്റപ്പണി, വിദ്യാഭ്യാസ സഹായം, വിദ്യാഭ്യാസ വായ്പ, അഗതി സംരക്ഷണം, ഭക്ഷണ വിതരണം, പാലിയേറ്റിവ് പ്രവര്‍ത്തനം, സൗജന്യ മരുന്നു വിതരണം  എന്നിങ്ങനെ പോകുന്നു ട്രസ്റ്റിന്‍െറ സേവനങ്ങള്‍. വടകര തണല്‍ ഡയാലിസിസ് സെന്‍ററിലെ അഞ്ച് മെഷീനുകള്‍ ബ്രദേഴ്സിന്‍െറ വകയാണ്.

Tags:    
News Summary - brothers vannimmel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.