ജഡ്‌ജിമാരുടെ പേരിൽ കോഴ; അഡ്വ. സൈബി ജോസ് കൈപ്പറ്റിയത് ലക്ഷങ്ങൾ

കൊച്ചി: ഹൈകോടതി ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻ തുക പലപ്പോഴായി കൈപ്പറ്റിയതായി അന്വേഷണ റിപ്പോർട്ട്.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനു നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്‍റെ പേരു പറഞ്ഞ് രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാനെന്ന് പറഞ്ഞ് 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് ഹൈകോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയതായി ഹൈകോടതി വിജിലൻസ് രജിസ്ട്രാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പണം വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്‍റെ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയതോടെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജഡ്ജിക്കു നൽകാനെന്ന പേരിൽ പീഡനക്കേസിൽ ഉൾപ്പെട്ട സിനിമ നിർമാതാവിൽനിന്ന് സൈബി പണം വാങ്ങിയെന്ന് മൊഴിയുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞതിന് സൈബിയും കൂട്ടുകാരും കോടതി പരിസരത്തുവെച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. വിവരം ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനെയും വിജിലൻസ് രജിസ്ട്രാറെയും അറിയിച്ചതിന് ഭീഷണിപ്പെടുത്തിയതായി മറ്റൊരു അഭിഭാഷകനും മൊഴി നൽകിയിട്ടുണ്ട്.

ധനിക കുടുംബാംഗമല്ലാതിരുന്നിട്ടും ആഡംബര ജീവിതം നയിക്കുന്ന സൈബിയുടെ വിശ്വാസ്യത സംശയകരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചലച്ചിത്രതാരങ്ങളടക്കമുള്ളവരാണ് ഇദ്ദേഹത്തിന്‍റെ കക്ഷികൾ. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയ നടപടി ജുഡീഷ്യൽ നടപടികളിലുള്ള ഇടപെടലും നീതിനിർവഹണം തടസ്സപ്പെടുത്തുന്നതുമാണ്. അഭിഭാഷക നിയമത്തിലെ വകുപ്പ് 35 പ്രകാരമുള്ള ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.

ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിനെ അറിയിക്കുന്നതിന് പുറമെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികളാരംഭിക്കാൻ തീരുമാനമെടുക്കണമെന്ന് വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Bribery in the name of judges; Adv. Cybi Jose received Lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.