കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവെക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടത്- കെ. സുധാകരന്‍

തിരുവനന്തപുരം: കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി ഊര്‍ജസ്വലമായി മുന്നോട്ടുപോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് ഭയപ്പെടുത്തുന്നത്. കേരള ഹൗസില്‍ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍മണല്‍ ഖനനം ക ടന്നുവന്നതായി ആരും പറയുന്നില്ല. ആശാവര്‍ക്കര്‍മാരുടെ സമരംപോലുളള തീവ്രമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായില്ല. ബി.ജെ.പി-സി.പി.എം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം.

കടല്‍ മണല്‍ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് ശേഷം കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇല്‍മനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റി സാമ്പത്തിക നേട്ടമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള കരിമണല്‍ മാസപ്പടി വസ്തുതയായി നിലനിൽക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് സുധാകരന്‍ പറഞ്ഞു

തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കള്ളനെ കാവലേല്പ്പിക്കുന്നതുപോലെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിന്റെ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Black sand mining tender should not be postponed, but abandoned - K. Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.