സർക്കുലറിൽ ബി.ജെ.പി സീൽ; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർട്ടികൾക്കയച്ച സർക്കുലറിൽ ബി.ജെ.പിയുടെ സീലുണ്ടായ സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് കമീഷന്‍. അഡീഷനല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും സ്പെഷല്‍ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷ ചുമതല. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

വീഴ്ചയുണ്ടെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിൽ കമീഷന് ഒന്നും ഒളിക്കാനില്ല. സംഭവം ഗുരുതര വീഴ്ചയായാണ് കമീഷൻ കാണുന്നത്. പിഴവ് കണ്ട ഉടൻതന്നെ തിരുത്തി പരിഷ്കരിച്ച സർക്കുലർ എല്ലാവർക്കും ലഭ്യമാക്കി. ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ നടപടികളെടുക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിക്കുന്നതിനുള്ള മാര്‍ഗനിർദേശം ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നല്‍കിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ 2019ലെ കത്തിന്റെ പകര്‍പ്പും അവർ വെച്ചിരുന്നു. ഇതില്‍ ബി.ജെ.പി സീല്‍ പതിപ്പിച്ചിരുന്നു. ഇതാണ് കമീഷന്‍റെ പുതിയ അറിയിപ്പിന് പകരം തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചത്. കത്ത് സി.പി.എം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് സെക്രട്ടേറിയേറ്റില്‍നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയര്‍ന്നതോടെ വീഴ്ച വിശദമായി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിക്കുകയായിരുന്നു.

കമീഷന്‍ പൊലീസിലും പരാതി നൽകി. ഇതനുസരിച്ച് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സമൂഹമാധ്യമത്തില്‍നിന്ന് നീക്കാനും ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ട് എക്സിന് അടക്കം കേരള പൊലീസിന്റെ സൈബര്‍ ഓപറേഷന്‍സ് വിഭാഗം കത്തു നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളില്‍നിന്ന് വിവാദ കത്ത് നീക്കിത്തുടങ്ങി. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കുകയും ചെയ്തെന്നാണ് വിവരം.

നിയമലംഘനമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ ഐ.ടി ആക്ട്പ്രകാരം നടപടിയെടുക്കുമെന്നാണ് രത്തന്‍ ഖേല്‍ക്കര്‍ നല്‍കിയ മറുപടി. ഏതെങ്കിലും മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെങ്കിൽ അത് നിയമാനുസരണമാണ്. പൊലീസാണ് നടപടി എടുത്തതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

Tags:    
News Summary - BJP seal on circular; Election Commission announces investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.