ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി അദ്ദേഹം സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ അണിനിരക്കും. കഴിഞ്ഞതവണ പാലക്കാട് വന്ന പ്രധാനമന്ത്രി എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നിരുന്നു. തൃശൂരിൽ പ്രധാനമന്ത്രി റോഡ് ഷോയും നടത്തി.

തൃശൂരിലെത്തിയ പ്രധാനമന്ത്രിക്ക് സാംസ്കാരിക നഗരിയിൽ വൻ വരവേൽപാണ് നൽകിയത്. സ്വരാജ് റൗണ്ടിൽ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ജനറൽ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച് ബിനി ഹെറിറ്റേജ് ഹോമിൽ അവസാനിക്കുന്ന രീതിയിലായിരുന്നു റോഡ് ഷോ. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങിയ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപി, സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ, സി.സി. മുകുന്ദൻ, കെ.കെ. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു. ചൂടിനെ അവഗണിച്ച് ഉച്ചയോടെ ബി.ജെ.പി പ്രവർത്തകർ കൊടികളും പ്രധാനമന്ത്രിയുടെ ഫ്ലക്സുകളുമായി സ്വരാജ് റൗണ്ടിന് ചുറ്റും ഇടംപിടിച്ചിരുന്നു. രണ്ടര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്.

പാലക്കാട് എം.എൽ.എ സ്ത്രീ സുരക്ഷക്ക് ഭീഷണിയെന്ന് കോട്ടമൈതാനിയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് സ്ത്രീ സുരക്ഷയിൽ ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടെ ജനങ്ങൾക്ക് നന്നായി അറിയാം. സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ മറ്റോരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യമുണ്ടായി. ഇത്തരം പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം പരിഹരിക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കേരളത്തിന് പുറത്ത് കോൺഗ്രസും കമ്യൂണിസ്റ്റും ഒന്നിച്ചാണ്. കേരളത്തിൽ മാത്രമാണ് ഇവർ പരസ്പരം പോരടിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് പറയുന്നു സി.പി.എം-ബി.ജെ.പി ഡീൽ നടന്നിട്ടുണ്ടെന്ന്, സി.പി.എം പറയുന്നു കോൺഗ്രസ്-ബി.ജെ.പി ഡീൽ നടന്നെന്ന് കോൺഗ്രസിന്റെ ബി ടീമാണ് ബി.ജെ.പിയെന്നാണ് സി.പി.എം ആരോപണം. എന്നാൽ, ആരുടെയും ബി ടീമല്ല. ഞങ്ങൾ ജനങ്ങളുടെ എ ടീമാണെന്നും അദ്ദേഹം പറയുന്നു. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഇവരുടെ അഴിമതി കഥകൾ പുറത്തുവരുമെന്ന് അറിയാമെന്നും മോദി പറഞ്ഞു. 10 വർഷം കൊണ്ട് കേരളത്തിന്റെ കടബാധ്യത അഞ്ച് ലക്ഷം കോടിയായി വർധിച്ചു.

കേന്ദ്ര സർക്കാർ നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റിയും കൊള്ളയടിച്ചു. മുമ്പ് കേന്ദ്രത്തിൽ കോൺഗ്രസ് സര്‍ക്കാർ നല്‍കിയതിനെക്കാൾ അഞ്ച് ഇരട്ടിയാണ് ബി.ജെ.പി സർക്കാർ കേരളത്തിന് നൽകിയത്. റോഡ്, റെയിവേ വികസനങ്ങളും ജൽജീവൻ മിഷൻ, പി.എം ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കായി നൽകിയ പണം ജനങ്ങളിലേക്ക് എത്തിയല്ല. ബി.ജെ.പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നാൽ ഇവിടെ നടന്ന എല്ലാ അഴിമതികളെ കുറിച്ചും അന്വേഷണം നടത്തി ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.

Tags:    
News Summary - Prime Minister Narendra Modi returns to Kerala as part of BJP's election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.