തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ്ഹാളിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തു. ഗവർണറോട് അനാദരവ് കാണിച്ചെന്നും അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നുമാണ് വി.സിയുടെ വിശദീകരണം. ഗുരുതര അച്ചടക്ക ലംഘനമാണെന്നും വി.സി പറയുന്നു. എന്നാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാർ വ്യക്തമാക്കി.
പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദാക്കിയശേഷവും സെനറ്റ് ഹാളിൽ പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
പരിപാടിക്കായി സംഘാടകരായ ശ്രീപത്മനാഭ സ്വാമി സേവാ സമിതി വി.സിക്കും രജിസ്ട്രാർക്കും അപേക്ഷ നൽകിയിരുന്നു. വി.സിയാണ് ഹാൾ വിട്ടുനൽകാൻ ഉത്തരവിട്ടത്. ഇതേതുടർന്നാണ് മതപരമായ ചടങ്ങുകളോ പരിപാടികളോ നടത്തരുതെന്നതുൾപ്പെടെ നിബന്ധനകളോടെ താൽക്കാലിക അനുമതി നൽകിയത്. എന്നാൽ ആർ.എസ്.എസിന്‍റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഹാളിലെ വേദിയിൽ സ്ഥാപിച്ചത് എടുത്തുമാറ്റാൻ രജിസ്ട്രാർ നിർദേശം നൽകി.
ഇതിന് തയാറാകാതെ വന്നതോടെയാണ് പരിപാടിക്കുള്ള താൽക്കാലിക അനുമതി റദ്ദാക്കിയത്. അനുമതി റദ്ദാക്കിയിട്ടും ഗവർണറെ കൊണ്ടുവന്ന് പരിപാടി നടത്തുകയായിരുന്നു. ഇത് സർവകലാശാല ആസ്ഥാനത്ത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. സെനറ്റ് ഹാളിലും പുറത്തുമുണ്ടായ സംഘര്‍ഷത്തിലടക്കം രണ്ട് കേസുകളാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ എടുത്തത്. എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
സെനറ്റ് ഹാള്‍ സംഘര്‍ഷത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ സര്‍വകലാശാല തീരുമാനിച്ചിരുന്നു. കണക്കെടുക്കാൻ രജിസ്ട്രാര്‍ എൻജിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നൽകി. കണക്കെടുക്കുന്നതിനൊപ്പം പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സർവകലാശാല. പരിപാടിക്കായി സെനറ്റ് ഹാൾ അനുവദിച്ചപ്പോഴുള്ള നിബന്ധനകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംഘാടകരായ ശ്രീ പത്മനാഭ സ്വാമി സേവാ സമിതി സെക്രട്ടറിക്കെതിരെ സർവകലാശാല രജിസ്ട്രാർ പരാതി നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വി.സി സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.