തിരുവനന്തപുരം: വഞ്ചിയൂരിൽ തൊഴിലിടത്തിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച് ഒളിവിൽ കഴിഞ്ഞ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ രണ്ട് ദിവസത്തിന് ശേഷം പൊലീസ് പിടികൂടിയത് നാടകീയമായി. തുടക്കത്തിൽ അിഭാഷകനെതിരെ നടപടിയെടുക്കാൻ മടിച്ച പൊലീസ് പിന്നീട് നിയമമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന് ഒടുവിലാണ് അറസ്റ്റിന് മുതിർന്നത്. ഇതിനുമുമ്പ് അഭിഭാഷകർ പ്രതികളായ വഞ്ചിയൂരിലെ പല കേസുകളും തേഞ്ഞുമാഞ്ഞുപോയിരുന്നു. ഈ കേസിലും തുടക്കത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതിക്കൊപ്പം നിലയുറപ്പിച്ചിരുന്നു.
മർദനമേറ്റ യുവ അഭിഭാഷകക്ക് സമൂഹത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. ഇതോടെ ഇടത് അഭിഭാഷക യൂനിയനും സർക്കാറുമെല്ലാം പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. അതോടെയാണ് പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമം തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത് പള്ളിത്തുറയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. വ്യാഴാഴ്ച വൈകീട്ടോടെ സഹോദരന്റെ പാറശ്ശാല രജിസ്ട്രേഷനിലുള്ള കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെവേളിക്ക് സമീപമുള്ള സ്റ്റേഷൻകടവിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ബെയിലൻദാസിന്റെ മുൻകൂർജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
സംഭവം നടന്ന ഒരു ദിവസം കഴിഞ്ഞതോടെടെയാണ് ബെയലിൻ ദാസിനെതിരായ അന്വേഷണം പൊലീസ് ഊർജ്ജതമാക്കിയത്. ഇതിന്റെ ഭാഗാമയി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യക്ക് നോട്ടീസ് നൽകി. സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ ഫോൺവിളി നീരീക്ഷിച്ചു.
മൊബൈൽ ഫോണും സ്വന്തം വാഹനവും ഒഴിവാക്കി തീരദേശ റോഡ് വഴി സുഹൃത്തിനോടൊപ്പം ജില്ല വിടാനായിരുന്നു ശ്രമം. തനിക്ക് കാറില്ലെന്നായിരുന്നു സഹോദരൻ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്. എന്നാൽ, കാറിന്റെ നമ്പറുൾപ്പെടെ ലഭിച്ചതാണ്വഴിത്തിരിവയാത്.
ആദ്യം തുമ്പ സ്റ്റേഷനിലും അവിടെ നിന്ന് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലുമെത്തിച്ച പ്രതിയെ ശംഖുംമുഖം സബ്ഡിവിഷൻ ചുമതലയുള്ള ഡി.സി.പി നകുൽ ദേശ്മുഖ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനിടെ ബെയിലിൻദാസിനെ പിന്തുണച്ച് സ്ഥലത്തെത്തിയ അഭിഭാഷകസംഘം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം അഴിച്ചുവിടമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പുറത്താക്കി സ്റ്റേഷനും പരസരവും കനത്ത പൊലീസ് ബന്തവസ്സിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.