തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ഫെനി നൈനാന്‍, രണ്ടാം പ്രതി ബിനില്‍ ബിനു, മൂന്നാം പ്രതി അഭിനന്ദ് വിക്രം, നാലാം പ്രതി വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു മാസത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിളിക്കുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ജാമ്യം നൽകിയത്. ക്രിമിനൽ ചട്ടങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റും പരിശോധനയും നടന്നതെന്ന് കോടതി നിരീക്ഷിച്ചു. രാത്രി ഉറങ്ങിക്കിടന്നവരെയാണ് പിടിച്ചുകൊണ്ടുപോയത്. അതത് സ്ഥലത്തെ പൊലീസിനെ അറിയിക്കുന്നതിലും അന്വേഷണസംഘത്തിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി.
റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നതിനപ്പുറത്തേക്ക് മറ്റൊരു കാര്യവും കസ്റ്റഡി അപേക്ഷയില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയിൽ ക്രിമിനൽ പ്രവർത്തനമാണ് പ്രതികള്‍ ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പൊലീസ് അറിയിച്ചെങ്കിലും പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കുകയായിരുന്നു. തെളിവുകൾ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രതികൾക്ക് ഇന്നലെ തന്നെ ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.