പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തിവരുന്ന ആറൻമുള വള്ളസദ്യ വഴിപാടുകൾ 13 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
390 സദ്യകൾ ഇതുവരെ ബുക്കു ചെയ്തു കഴിഞ്ഞു. 500 സദ്യകൾ ലക്ഷ്യം വയ്ക്കുന്നു. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പും. 15 സദ്യാലയങ്ങൾ ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്.
15 സദ്യ കരാറുകാരാണ് സദ്യ ഒരുക്കുന്നത്. എം.കെ.ശശികുമാറിന്റെ നേതൃത്വത്തിൽ ഫുഡ് കമ്മറ്റി പ്രവർത്തിച്ചുവരുന്നു.കെ.എസ്.ആർ.ടി.സി ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയും നടത്തും. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തിരുവാറന്മുള ക്ഷേത്രങ്ങൾ സന്ദർശിച്ച് ആറന്മുളയിൽ എത്തി വള്ളസദ്യ ചടങ്ങുകളും പള്ളിയോട വരവും കണ്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ എത്തി സദ്യയും കഴിച്ച് മടങ്ങുന്ന രീതിയാണ്.
പാറശാല മുതൽ കാസർകോട് വരെയുള്ള കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിന്നു ദിവസം നാലു മുതൽ എട്ട് ട്രിപ്പുകൾ വരെ ഉണ്ടാകും. ഈ വർഷം 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നു. സ്പെഷ്യൽ പാസ് സദ്യ ജൂലൈയിൽ ആഴ്ചയിൽ അഞ്ച്ദിവസം നടത്തും. ഒരു ദിവസം 120 പേർക്ക് സദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് ആരംഭിച്ചു. www.aranmulaboatrace.com.
സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട് .ഹൈക്കോടതി വിധി പ്രകാരം സദ്യ നടത്തിപ്പ് മേൽനോട്ടത്തിനായി നിർവഹണസമിതി നിലവിൽ വന്നു.
ചില ടൂർ പാക്കേജ് ഓപ്പറേറ്റർമാർ ആറന്മുള വള്ളസദ്യക്ക് പള്ളിയോടങ്ങൾ ബുക്ക് ചെയ്ത് ആൾക്കാരെ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്ത് വൻതുകകൾ വാങ്ങി നടത്തുവാൻ ലക്ഷ്യമിടുന്നതായി ബോധ്യം വന്ന സാഹചര്യത്തിൽ പൊതുയോഗം കൂടി നിലവിലുള്ള അവരുടെ ബുക്കിങ് പിൻവലിക്കാൻ തീരുമാനിച്ചു. ഇത് തുടർന്നാൽ ഇവർക്ക് എതിരെ നിയമപരമായി നടപടി സ്വീകരിക്കാൻ അഞ്ച് അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയതായും ഭാരവാഹികൾ പറഞ്ഞു.
സ്പെഷ്യൽ പാസ് സദ്യ ടൂർ ഓപ്പറേറ്റർമാർ ദുരുപയോഗം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. തിരുവോണത്തോണി വരവ് സെപ്റ്റംബർ അഞ്ചിനും, ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ ഒമ്പതിനും, അഷ്ടമിരോ ഹിണി വള്ളസദ്യ സെപ്റ്റംബർ 14 നും നടക്കും.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് കെ. വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ട്രഷറാർ രമേശ് മാലിമേൽ, ജോയിൻ്റ് സെക്രട്ടറി അജയ് ഗോപിനാഥ്, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.