തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവെച്ച്, നിലമ്പൂരിൽനിന്ന് വീണ്ടും മത്സരിക്കില്ലെന്ന പി.വി. അൻവറിന്റെ പ്രഖ്യാപനം യു.ഡി.എഫിനു മുന്നിൽ തുറക്കുന്നത് പുതിയ അവസരം. അൻവറിലൂടെ കഴിഞ്ഞ രണ്ടുതവണയായി എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് നിലമ്പൂർ. അത് തിരിച്ചുപിടിച്ച് ഭരണപക്ഷത്തിന് പ്രഹരമേൽപിക്കാനുള്ള അവസരമാണ് യു.ഡി.എഫിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. അങ്ങനെയൊരു വിജയം ഒന്നരവർഷം മാത്രം അപ്പുറം നിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നൽകുന്ന വീര്യം ചെറുതായിരിക്കില്ല. യു.ഡി.എഫിനെ പിന്തുണക്കുമെന്ന് അൻവർ പ്രഖ്യാപിച്ചതോടെ നിലമ്പൂരിൽ ഇക്കുറി പ്രതിപക്ഷത്തിന് വിജയസാധ്യതയുമുണ്ട്.
ആ നിലയിൽ അൻവറിന്റെ രാജി യു.ഡി.എഫ് ക്യാമ്പിൽ ആവേശമായിട്ടുണ്ട്. എന്നാൽ, രാജിവാർത്തസമ്മേളനത്തിലെ അൻവറിന്റെ ചില കരുനീക്കങ്ങൾ യു.ഡി.എഫിനെ കുഴക്കുന്നുമുണ്ട്. മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയിയെ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ നിർദേശം പലതും കണക്കാക്കി ഉള്ളതാണ്. തന്റെ ബദ്ധവൈരി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ സ്ഥാനാർഥിയാകുന്നത് തടയുകയാണ് അൻവറിന്റെ പ്രഥമ ലക്ഷ്യം. വന്യജീവി ശല്യത്തിനും വനം നിയമ ഭേദഗതിക്കുമെതിരെ പ്രക്ഷോഭ രംഗത്തുള്ള കുടിയേറ്റ ജനതയെ കൂടെ നിർത്തി രാഷ്ട്രീയ ശക്തിയായി മാറാനാണ് അൻവർ ആഗ്രഹിക്കുന്നത്.
നിലമ്പൂരിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥി വേണമെന്ന് അൻവർ ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നത് മലയോര ക്രിസ്ത്യൻ വോട്ടുബാങ്കിൽ കണ്ണുവെച്ചാണ്. അൻവറിന്റെ ഈ ചാട്ടുളി പ്രയോഗം യു.ഡി.എഫിന് എളുപ്പം തള്ളിക്കളയാനുമാവില്ല. ക്രിസ്ത്യൻ വിഭാഗങ്ങൾ അകന്നതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് കാരണമെന്ന് കോൺഗ്രസ് പൊതുവിൽ വിലയിരുത്തിയതാണ്. പിണറായിയുടെ മൂന്നാം വരവ് തടയണമെങ്കിൽ ക്രിസ്ത്യൻ വോട്ടുബാങ്ക് തിരിച്ചുപിടിക്കണമെന്നിരിക്കെ, നിലമ്പൂരിൽ ക്രിസ്ത്യൻ സ്ഥാനാർഥി എന്ന അൻവറിന്റെ ആവശ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് യു.ഡി.എഫിന് മുന്നിലെ പ്രതിസന്ധിയാണ്.
അൻവറിന്റെ രാജി വാർത്തസമ്മേളനം സി.പി.എമ്മിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ നടത്തിയ കടന്നാക്രമണത്തിന് സി.പി.എമ്മിലെ പ്രധാന നേതാക്കളുടെ അറിവും പിന്തുണയുമുണ്ടായിരുന്നു എന്നാണ് അൻവർ പറഞ്ഞത്. പാർട്ടിയെയും സർക്കാറിനെയും കൈപ്പിടിയിലൊതുക്കിയ പിണറായി വിജയനെതിരെ അൻവർ ഒറ്റക്ക് പടക്കിറങ്ങുമോ എന്നത് അന്നുതന്നെ പലരും ഉന്നയിച്ച സംശയമാണ്.
മുതിർന്ന നേതാക്കളുടെ പ്രോത്സാഹനം തനിക്കുണ്ടായിരുന്നുവെന്ന അൻവറിന്റെ അവകാശവാദം സി.പി.എം തള്ളിപ്പറയുന്നുണ്ടെങ്കിലും അൻവർ പാർട്ടി നേതൃനിരയിൽ അവിശ്വാസത്തിന്റെ വിത്ത് വിതച്ചു എന്നുള്ളത് വസ്തുതയാണ്. അത് നീറിപ്പുകഞ്ഞാൽ ആഴ്ചകൾക്കകം നടക്കാനിരിക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ അടക്കം പ്രതിഫലിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.