സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്
മലപ്പുറം: എൽ.ഡി.എഫ് സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന തരത്തിലുള്ള യു.ഡി.എഫിന്റെ പ്രചാരണം അവരുടെ മനസിലുള്ള ആഗ്രഹം മാത്രമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്. ജനങ്ങൾ ആഗ്രഹിക്കുന്നത് സർക്കാർ തുടരണം എന്നാണ്.
കേരളത്തിന് നിരന്തരമായി പ്രയാസങ്ങൾ വന്നപ്പോൾ കൂടെനിന്ന സർക്കാർ എന്ന ബോധ്യം ജനങ്ങൾക്ക് ഉള്ളതുകൊണ്ടുതന്നെ ഭരണവിരുദ്ധ തരംഗത്തിൽ അധികാരം പിടിക്കാമെന്നത് യു.ഡി.എഫിന്റെ വ്യാമോഹമായി അവസാനിക്കാനാണ് സാധ്യത. തീർച്ചയായും പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ, അതിനുവേണ്ടിയുള്ള മുന്നൊരുക്കം പാർട്ടി വളരെ നേരത്തേ തുടങ്ങിയിരുന്നു. അതിന്റെ നല്ല പ്രതിഫലനം മണ്ഡലതലത്തിൽ ഉണ്ടായിട്ടുണ്ട്. യോജിച്ച പ്രവർത്തനമാണ് നടന്നിട്ടുള്ളത്. അതിന്റെ ഫലമായുള്ള മികച്ച വിജയം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
എൽ.ഡി.എഫിലുള്ള പ്രശ്നങ്ങൾ, പാർട്ടികൾ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ഉണ്ടാകുന്നതാണ്. അതേസമയം, യു.ഡി.എഫിൽ അത് വ്യക്തി കേന്ദ്രീകൃതമാണ്. പാർട്ടികൾക്കിടയിൽ ഭിന്നാഭിപ്രായം സ്വഭാവികമാണ്. അത് ചർച്ചചെയ്തു പരിഹരിക്കുക എന്നുള്ളതാണ് എൽ.ഡി.എഫ് ചെയ്തുകൊണ്ടിരുന്നത്.
സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ചെറിയകാലതാമസം ഉണ്ടായി എന്നത് വസ്തുതയാണ്. വാർഡ് പുനർനിർണയവുമായി ബന്ധപ്പെട്ട്, വാർഡുകളുടെ പേരും നമ്പറും സ്ഥാനവും എല്ലാം മാറിപോയിരുന്നു. അത് ഘടകപാർട്ടികൾക്കിടയിൽ ചില സംശയങ്ങൾക്ക് കാരണമായി. അതുമൂലം ചുരുക്കം ചില പഞ്ചായത്തുകളിൽ യോജിപ്പിലെത്താൻ കുറച്ച് സമയംവേണ്ടിവന്നു.
രണ്ട് ടേം പൂർത്തിയാക്കിയ എൽ.ഡി.എഫ് സർക്കാറിന്റെ സവിശേഷത, വാഗ്ദാനം നിറവേറ്റിയ ഗവൺമെന്റ് എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയും. എന്തെല്ലാം ജനങ്ങൾക്ക് വാഗ്ദാനംചെയ്തോ അതെല്ലാം പാലിച്ചുകൊണ്ടാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. ആദ്യത്തെ അഞ്ച് വർഷം ഏതാണ്ട് 600 വാഗ്ദാനങ്ങൾ നിറവേറ്റി എന്നു പറയുന്നത് ഒരു പ്രതിപക്ഷവും ചലഞ്ച് ചെയ്തിട്ടില്ല.
അതിന്റെ തുടർച്ചയായ ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും വാഗ്ദാനങ്ങളെല്ലാം നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാറിന്റെ വികസന, ക്ഷേമ പ്രവർത്തനം ജനങ്ങളിൽ എത്തിക്കാനാണ് പാർട്ടിയും മുന്നണിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ അതിന്റെ ഗുണം ഉറപ്പായും ഇടതുപക്ഷത്തിന് കിട്ടും.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യമുള്ള മികച്ച സ്ഥാനാർഥിനിരയെ ആണ് എൽ.ഡി.എഫ് കളത്തിലിറക്കിയിട്ടുള്ളത്. ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽ.ഡി.എഫിന് ഉണ്ടാകും. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഗൗരവത്തിലെടുക്കുന്ന പാർട്ടികളല്ല കോൺഗ്രസും ലീഗും. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ താഴെക്കിടയിൽ നല്ലതോതിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
എം.എൽ.എമാരും മന്ത്രിമാരും കുറവായിട്ടും ജില്ലയുടെ വികസനത്തിൽ എൽ.ഡി.എഫ് കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. യു.ഡി.എഫിന് നാലും അഞ്ചും മന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും പിന്നാക്ക ജില്ലയായ മലപ്പുറത്തിന് കാര്യമായി ഒന്നുംചെയ്യാൻ അവർക്കായിട്ടില്ലെന്നും പി.കെ. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.