അഞ്ചൽ: ബംഗാൾ സ്വദേശിയായ തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവും പുറത്ത്. വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്ന ആരോപണം ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് ചികിത്സിച്ച ഡോക്ടറിൽനിന്ന് ഉണ്ടായത്. ആദ്യം ചികിത്സ തേടിയ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ മണിക് ജൂലൈ ആറ്, ഒമ്പത്, 13 തീയതികളിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തി.
സി.ടി സ്കാൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും വകവെക്കാതെ ജോലിക്കു പോയി. ദിവസങ്ങൾക്കുശേഷം ജോലി സ്ഥലത്ത് കുഴഞ്ഞുവീണ മണിക്കിനെ സഹപ്രവർത്തകർ ആദ്യം ചികിത്സിച്ച ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും വഴി പനച്ചവിളയിലെത്തിയപ്പോൾ നില കൂടുതൽ വഷളായി. തുടർന്ന് ചന്തമുക്കിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവിടത്തെ ഡോക്ടർ പരിശോധിക്കാൻ കൂട്ടാക്കിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ എണ്ണത്തിലും ആശയക്കുഴപ്പമുണ്ട്. രണ്ടുപേർ മർദിച്ചെന്ന് മണിക് മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആദ്യം ശശിധരക്കുറുപ്പും ബൈക്കിൽ വന്ന മറ്റൊരാളും പിന്നീട് വേറെ രണ്ടുപേരും മർദിെച്ചന്ന് ആശുപത്രിയിൽ മണിക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന ആരോപണം ഇതോടെ ബലപ്പെട്ടു. ജൂൺ 24നായിരുന്നു മണിക് റോയിക്ക് പനയഞ്ചേരിയിൽ മർദനമേറ്റത്. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകവേ ഒരുസംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അവശനായ മണിക്കിനെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.