വടിയെടുത്ത് സ്പീക്കർ, ഒപ്പം താക്കീതും; സഭ പിരിഞ്ഞത് സമ്പൂർണ ബജറ്റ് പാസാക്കി

തിരുവനന്തപുരം: നടുത്തളത്തിൽ ചോദ്യോത്തര വേളക്കിടെ, പ്രതിപക്ഷ സത്യഗ്രഹവും പ്രതിഷേധവും കനത്തതോടെ വടിയെടുത്തും താക്കീതുമായി സ്പീക്കർ. പൂച്ചക്ക് ആരു മണികെട്ടുമെന്ന ചോദ്യമുയർന്നാൽ താൻ മണികെട്ടാൻ തയാറാണെന്നായിരുന്നു സാഹചര്യങ്ങൾ വിശദീകരിച്ചുള്ള ഷംസീറിന്‍റെ പ്രതികരണം.

നടുത്തളത്തിലിരിക്കുന്ന പ്രതിപക്ഷാംഗങ്ങൾ സീറ്റിലേക്ക് പോകണമെന്ന് പലവട്ടം സ്പീക്കർ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പരാമർശങ്ങൾ. തിങ്കാളാഴ്ചയിലെ തന്‍റെ റൂളിങ്ങിന് കടകവിരുദ്ധമായ പരാമർശങ്ങളാണുണ്ടാകുന്നത്. സാധാരണ സ്പീക്കർ പദവിയെ എല്ലാവരും മാനിക്കാറുണ്ട്. സ്പീക്കർക്കെതിരായ പത്രസമ്മേളനങ്ങളും നടക്കാറില്ല. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുമ്പോൾ സ്പീക്കറെ ആക്ഷേപിച്ച് പുറത്ത് പത്ര സമ്മേളനം നടത്തുകയാണ്.

സ്പീക്കറെ വാർത്തസമ്മേളനങ്ങളിലൂടെ ആക്ഷേപിക്കുന്ന രീതി ശരിയല്ല. കേരളചരിത്രത്തിൽ ആദ്യമായി സ്പീക്കറുടെ കോലം കത്തിക്കുന്ന സംഭവം പോലുമുണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നൽകുന്നില്ലെന്നതാണ് ഇവിടെ ഉന്നയിക്കുന്ന പ്രശ്നം. അടിയന്തര പ്രമേയത്തിനുള്ള അനുമതി പല ഘട്ടത്തിലും നിഷേധിച്ചിട്ടുണ്ട്.

നിയമസഭയിലുയർന്ന മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ നടുത്തളത്തിലിരിക്കുന്നവരാരും ഫ്ലോറിലിരിക്കില്ല. അത്തരമൊരു അച്ചടക്ക നടപടികളിലേക്ക് സ്പീക്കറിന് പോകാമായിരുന്നു. ആ രീതി ശരിയല്ലാത്തതു കൊണ്ടാണ് അതിലേക്ക് കടക്കാത്തതെന്നും സ്പീക്കർ പറഞ്ഞു.

സഭ പിരിഞ്ഞത് സമ്പൂർണ ബജറ്റ് പാസാക്കി

തിരുവനന്തപുരം: സമ്പൂർണ ബജറ്റ് പാസാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്നലെ പിരിഞ്ഞത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് സമ്പൂർണ ബജറ്റ് നിയമസഭ പാസാക്കിയത്. ഇതിന് മുമ്പ് 2020ലാണ് ഫുള്‍ ബജറ്റ് പാസായത്. ഫെബ്രുവരി മൂന്നിന് നടന്ന ബജറ്റ് അവതരണത്തിനുശേഷം ആറുമുതല്‍ എട്ടുവരെയുള്ള തീയതികളിലാണ് ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും നടന്നത്.

പ്രധാനമായും ബജറ്റ് പാസാക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തില്‍ ധനവിനിയോഗ ബില്ലുകള്‍ ഉള്‍പ്പെടെ ആകെ എട്ടു ബില്ലുകള്‍ പാസാക്കി. കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിങ് ആൻഡ് അസൈന്‍മെന്റ്) അമെന്റ്മെന്‍റ് ബില്‍, 2022ലെ കേരള പഞ്ചായത്തീരാജ് ബില്‍, 2022ലെ കേരള മുനിസിപ്പിലിറ്റി ബില്‍, 2021ലെ കേരള പൊതുജനാരോഗ്യ ബില്‍ എന്നിവ സഭ പാസാക്കിയ പ്രധാന ബില്ലുകളില്‍ ഉള്‍പ്പെടുന്നു.

നടപ്പുസമ്മേളന കാലയളവില്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി രണ്ടുദിവസം വിനിയോഗിച്ചു. നക്ഷത്ര ചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 7600 ചോദ്യങ്ങളാണ് വന്നത്. ആകെ 32 ശ്രദ്ധക്ഷണിക്കലുകളും 149 സബ്മിഷനുകളും ഉന്നയിക്കപ്പെട്ടു. നിയമസഭ സമിതികളുടെ 57 റിപ്പോര്‍ട്ടുകളും സഭയില്‍ സമര്‍പ്പിച്ചു. നടപ്പുസമ്മേളന കാലത്ത് ചട്ടം 50 പ്രകാരമുള്ള 14 നോട്ടീസുകൾ സഭ മുമ്പാകെ വന്നെന്നും സ്പീക്കർ അറിയിച്ചു.

Tags:    
News Summary - AN Shamseer and VD Satheesan in Kerala Assembly clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.