കോഴിക്കോട്: ആറുവർഷം മുമ്പ് 13 ലക്ഷം രൂപ നൽകി ജോലിയിൽ കയറിയിട്ടും ശമ്പളം നൽകുകയോ സ്ഥിരം നിയമനം നൽകുകയോ ചെയ്യാതെ വഞ്ചിച്ച താമരശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയുടെ പിതാവ് കട്ടിപ്പാറ വളവനാനിക്കൽ ബെന്നി. ആറ് വർഷമായി ശമ്പളം നൽകാത്തതിലുള്ള മനോവിഷമത്തിലാണ് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക അലീന ബെന്നി ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
അതേസമയം, കോഴ വാങ്ങിയെന്ന ആരോപണം രൂപത നിഷേധിച്ചു. അലീന ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താമരശ്ശേരി രൂപത കോർപറേറ്റ് എജുക്കേഷനൽ ഏജൻസി മാനേജർ ഫാ. ജോസഫ് വർഗീസ് പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരനിയമന അംഗീകാരത്തിനുള്ള അപേക്ഷ അധ്യാപിക 2021ൽ താമരശ്ശേരി എ.ഇ.ഒക്ക് നൽകിയതാണ്. എന്നാൽ, ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം അലീനക്ക് നിയമനാംഗീകാരം ലഭിച്ചില്ല. നിയമനത്തിന് സംഭാവനയൊന്നും മാനേജ്മെന്റ് വാങ്ങിയിട്ടില്ലെന്നും രൂപത വ്യക്തമാക്കി.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻറിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന ഈ വർഷം ജൂൺ മുതൽ കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറു വർഷം മുൻപ് 13 ലക്ഷം രൂപ മാനേജ്മന്റെിന് നൽകിയതായി കുടുംബം പറഞ്ഞു. എന്നാൽ, അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. അധ്യാപകർ പിരിവെടുത്താണ് വണ്ടിക്കൂലി നൽകിയിരുന്നത്.
കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീനയെ നിയമിച്ചത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻറ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ, അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയുടെ ജോലി പോയി. കുടുംബം താമരശ്ശേരി രൂപതയുമായി ബന്ധപ്പെട്ടപ്പോൾ വീട്ടിൽനിന്ന് ദൂരെയുള്ള കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂളിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം. എന്നാൽ, ഇതും പാഴ്വാക്കായി.
സ്കൂൾ മാറ്റ സമയത്ത് കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ബെന്നി ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും പിതാവ് പറഞ്ഞു.
ഇന്നലെ അലീന സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സ്കൂളിൽ എത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.