തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ് നാലുദിവസം പിന്നിട്ടിട്ടും പ്രതിക്കായി ഇരുട്ടിൽ തപ്പി പൊലീസ്. അക്രമിയുടെ ഒരു സൂചനയും ലഭിച്ചില്ലെന്ന് മാത്രമല്ല, അക്രമത്തിന് പിന്നിൽ എത്രപേർ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിനുള്ളിൽ ആശയക്കുഴപ്പവുമുണ്ട്. സംഭവദിവസം എ.കെ.ജി സെന്ററിെൻറ സുരക്ഷ ചുമതലയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനുള്ള നീക്കം തുടങ്ങി.
അക്രമത്തിൽ രണ്ടുപേർക്ക് പങ്കുണ്ടെന്നായിരുന്നു പൊലീസ് ഭാഷ്യം. സ്ഫോടകവസ്തു എറിഞ്ഞയാള്‍ക്ക് പുറമെ മറ്റൊരാൾ കൂടി എ.കെ.ജി സെന്ററിന് സമീപമുണ്ടായിരുന്നുവെന്നും ചുവന്ന സ്കൂട്ടറിൽ പോയ ആളായിരിക്കാം സ്ഫോടകവസ്തു കൈമാറിയതെന്നുമായിരുന്നു നിഗമനം. അക്രമത്തിന് മുമ്പ് രണ്ട് തവണ ഈ സ്കൂട്ടർ എ.കെ.ജി സെന്ററിന് മുന്നിലൂടെ പോയിരുന്നു.
എന്നാൽ ചുവന്ന സ്കൂട്ടറിൽ പോയത് തട്ടുകട നടത്തുന്ന യുവാവാണെന്നും ഇയാളെ അനൗദ്യോഗികമായി ചോദ്യം ചെയ്തപ്പോൾ കൃത്യത്തിൽ പങ്കില്ലെന്നും വ്യക്തമായി. ഇതോടെ എ.കെ.ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അന്തിയൂർകോണം സ്വദേശി റിജുവിലേക്ക് അന്വേഷണം നീണ്ടു.
24 മണിക്കൂർ റിജുവിനെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഒടുവിൽ കലാപാഹ്വാനം നടത്തിയെന്ന പേരിൽ ജാമ്യമില്ല വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും തിരിച്ചടിയാകുമെന്ന് കണ്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്ഫോടകവസ്തു എറിഞ്ഞ ശേഷം സ്കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയുടെ ലോ കോളജ് ജങ്ഷൻ മുതൽ പൊട്ടക്കുഴി വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.
വെള്ളിയാഴ്ച രാത്രി പരിശോധിച്ചതില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പിന്നീട് അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുമില്ല. എങ്കിലും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബർ സെല്ലിെൻറ സഹായത്തോടെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.