കാട്ടാക്കട: 15കാരന് ആദിശേഖറിനെ കൊലപ്പെടുത്തിയ കേസിന്റെ വിധിയില്‍ പൂർണ തൃപ്തിയില്ലാതെ കുട്ടിയുടെ കുടുംബം. പ്രോസിക്യൂഷനുമായി ആലോചിച്ച് മേല്‍ കോടതിയെ സമീപിക്കുമെന്ന് പിതാവ് അറിയിച്ചു.
ഓണാവധിക്കാലത്ത് വീട്ടിനുസമീപം സൈക്കിള്‍ സവാരി നടത്തവെ, പത്താം ക്ലാസ് വിദ്യാർഥി പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അരുണ്‍കുമാര്‍-ഷീബ ദമ്പതികളുടെ മകന് ആദിശേഖറിനെ(15) കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ചന് ജീവപര്യന്തം കഠിനതടവും10 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചത്.
കുട്ടിയുടെ ബാല്യത്തില്‍ ജീവന് നഷ്ടപ്പെടുത്തിയാള്ക്ക് വധശിക്ഷ കിട്ടുമെന്നായിരുന്നു രക്ഷിതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍, വിധി മറിച്ചായിരുന്നെന്ന് അച്ഛന് അരുണ്‍ കുമാര്‍ പറഞ്ഞു. മകനെ നഷ്ടപ്പെട്ടശേഷം ഞങ്ങൾ ജീവിതം തള്ളിനീക്കുകയാണെന്നും, ഇതേവരെ കണ്ണീരുണങ്ങിയില്ലെന്നും അവര്‍ പ്രതികരിച്ചു.
സൈക്കിള്‍ യാത്രചെയ്യവെ, കാറിടിച്ച് അപകടത്തിൽപെട്ടതായാണ് ആദ്യം ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതിനിടെ, ആദിശേഖറിനെ ബോധപൂർവം പ്രതിയായ പ്രിയരഞ്ചന് കാറിടിച്ച് വീഴ്ത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഇതോടെയാണ് ആദിശേഖറിനെ കൊലപ്പെടുത്തിയതെന്ന് സൂചന ലഭിക്കുന്നത്.
തുടര്‍ന്ന്, ബന്ധുക്കളുടെ സംശയങ്ങളും ശക്തമായി. സി.സി.ടി.വി ദൃശ്യമുള്‍പ്പെടെ കാട്ടാക്കട പൊലീസിന് പരാതി നല്കി. തുടര്‍ന്നാണ് പൊലീസ് കേസന്വേഷണം നടത്തി നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി പ്രിയരഞ്ചനെതിരെ കേസെടുത്തത്. നിര്‍ത്തിയിട്ടിരുന്ന കാറിനു മുന്നില്‍ ആദിശേഖര്‍ എത്തുന്നതും തുടര്‍ന്ന്, സൈക്കിളില്‍ തിരിഞ്ഞ് പോകുമ്പോള്‍ പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തുന്നതുമാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.
അപകടസമയത്ത് തൊട്ടടുത്തായി ഈ ദൃശ്യങ്ങളെല്ലാം കണ്ടുകൊണ്ട് ആദിശേഖറിന്റെ സുഹൃത്ത് നില്ക്കുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങളെല്ലാം കോടതി തെളിവായി സ്വീകരിച്ചാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.