നടി ആക്രമണ കേസ്: മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കും

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് എറണാകുളം ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കാൻ ഹൈകോടതി ഉത്തരവ്. ജസ്റ്റിസ് കെ.ബാബുവാണ് ഉത്തരവിട്ടത്. അന്വേഷണത്തിന് പൊലീസ് സഹായം തേടാം. ഇരക്ക് പറയാനുള്ള കാര്യങ്ങൾ രേഖമൂലം ജില്ല ജഡ്ജിക്ക് നൽകാം. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.

കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചെന്ന് ആരോപിച്ച് ഇരയായ നടി നൽകിയ ഹരജിയിലാണ് ഉത്തരവ്. കാർഡിലെ ദൃശ്യങ്ങൾ പകർത്തുകയും കൈമാറ്റം ചെയ്തതായും നടി ആരോപിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായും ചൂണ്ടിക്കാട്ടി. കാർഡിൽനിന്ന് മൂന്നുതവണ ദൃശ്യങ്ങൾ പകർത്തുകയോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയോ ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.

2018 ജനുവരി ഒമ്പതിന് രാത്രി 9.58, 2018 ഡിസംബർ 13ന് രാത്രി 10.58 എന്നീ സമയങ്ങളിലാണ് കാർഡ് പരിശോധിച്ചത്. ഇത് അനധികൃതമാണെന്ന് വ്യക്തമാണ്. 2021 ജൂലൈ 19ന് പകൽ 12.19 മുതൽ 12.54 വരെ കാർഡ് പരിശോധന സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം നീതിന്യായ സംവിധാനത്തിന് മേലുണ്ടായ കരിനിഴൽ നീക്കാൻ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Actress assault case: District Sessions Judge to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.