നടിയെ ആക്രമിച്ച കേസ്​: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിശദ വാദത്തിന്​ മാറ്റി

കൊച്ചി: നടി ആക്രമണക്കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹരജി വിശദവാദത്തിനായി ഓക്​ടോബർ 31ന്​ പരിഗണിക്കാൻ മാറ്റി. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവുലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ പരിഗണിക്കുന്നത്​. ഈ ആവശ്യമുന്നയിച്ച് നൽകിയ ഹരജി വിചാരണക്കോടതി തള്ളിയതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.

തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈകോടതി വ്യവസ്ഥവെച്ചിരുന്നതായി ഹരജിയിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യവസ്ഥ ലംഘനം നടന്നിട്ടുണ്ട്. വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്‍റ്​, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. മാത്രമല്ല, ദിലീപിന്‍റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണക്കോടതി ഹരജി തള്ളിയതെന്ന് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം.

സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായി ഹാജരാക്കിയ ശബ്ദരേഖകളുടെ ആധികാരികത ഉറപ്പാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജാമ്യം റദ്ദാക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം നിരസിച്ചത്.

Tags:    
News Summary - Actress assault case: Dileep's bail plea adjourned for detailed hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.