രക്തസാക്ഷികൾ മരിക്കുന്നില്ല... ജീവിക്കുന്നു സർക്കാറിന്റെ ഡി.ജി.പിയിലൂടെ... -പരിഹസിച്ച് അബിൻ വർക്കി

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിൽ പ്രതിസ്ഥാനത്തായിരുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചതിൽ സി.പി.എമ്മിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. കൂത്തുപറമ്പ് വെടിവെപ്പിന് ഓർഡർ കൊടുത്ത അന്നത്തെ കണ്ണൂർ എ.എസ്.പി രവാഡ ചന്ദ്രശേഖറിനെ കേരള പോലീസ് മേധാവി ആയി തിരഞ്ഞെടുത്ത മോദി-പിണറായി സർക്കാരുകൾക്ക് അഭിവാദ്യങ്ങൾ -എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികൾ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മൾ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പിയിലൂടെ.... -എന്നും അബിൻ വർക്കി പരിഹസിച്ചു.

Full View

സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതിന് പിന്നാലെ തന്നെ കൂത്തുപറമ്പ് വെടിവെപ്പിന്‍റെ ചരിത്രം ഓർമ്മിപ്പിച്ച് സി.പി.എം നേതാവ് പി. ജയരാജൻ രംഗത്തുവന്നിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് രവത ചന്ദ്രശേഖർ എന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം. തീരുമാനത്തെ കുറിച്ച് സർക്കാറാണ് തീരുമാനിക്കേണ്ടത്. പല പൊലീസുകാരും പല ഘട്ടങ്ങളിലും സി.പി.എമ്മിനെതിരായ നിലപാട് സ്വീകരിച്ചവരായിരിക്കാം. രവത ഒറ്റക്കല്ല, എല്ലാവരും ചേർന്നായിരുന്നു അന്ന് വെടിവെപ്പ് നടത്തിയത് -എന്നാണ് പി. ജയരാജൻ പറഞ്ഞത്.

എന്നാൽ, ഇതിനുപിന്നാലെ നിയമനത്തെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തുവന്നിരുന്നു. കൂത്തുപറമ്പ് കേസിൽ രവതയെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമീഷൻ റിപ്പോർട്ടിൻമേൽ കോടതി തീരുമാനം എടുത്തതുമാണ്. കൂത്തുപറമ്പ് വെടിവെപ്പിന് രണ്ടുദിവസം മുമ്പ് മാത്രമാണ് രവത ചുമതല ഏറ്റെടുത്തത്. അന്ന് രവതക്ക് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. സർക്കാർ തീരുമാനത്തിനൊപ്പമാണ് പാർട്ടി എന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

Tags:    
News Summary - Abin varkey about ravada chandrasekhar appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.