പായ്​വഞ്ചി യാത്രക്കിടെ അപകടം: അഭിലാഷ് ടോമി സുരക്ഷിതൻ; രക്ഷാപ്രവർത്തനം തുടങ്ങി

പെർത്ത്: പായ്​വഞ്ചിയില്‍ ലോകം ചുറ്റി ശ്രദ്ധയാകർഷിച്ച മലയാളി നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിനിടെ അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇദ്ദേഹം സഞ്ചരിച്ച വഞ്ചിയുടെ പായ്മരം (പായ കെട്ടുന്ന തൂൺ) ഒടിഞ്ഞതാണ് അപകടകാരണം.

സംഭവത്തിൽ അഭിലാഷിന് മുതുകിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഒരിടത്തും നിർത്താതെയും പരസഹായം തേടാതെയും പ്രയാണം ചെയ്യേണ്ട മൽസരത്തിന്‍റെ 82ാമത്തെ ദിവസമാണ് അപകടം സംഭവിച്ചത്. ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1900 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് അപകട സ്ഥലമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ആസ്ട്രേലിയൻ സംഘം കണ്ടെത്തിയിട്ടുണ്ട്. കന്യാകുമാരിയിൽ (കെയ്പ് കാമറൂൺ) നിന്ന് 2700 നോട്ടിക്കൽ മൈൽ (5020 കിലോമീറ്റർ) അകലെയാണിത്.

അഭിലാഷ് ടോമിയുടെ പായ് വഞ്ചി നിലവിലുള്ള സ്ഥലത്തിന്‍റെ ഉപഗ്രഹ ചിത്രം


മത്സരത്തിൽ മൂന്നാം സ്ഥാനത്ത് മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി പായ് വഞ്ചിക്ക് തകരാർ സംഭവിച്ചത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന തിരമാലയിലും പായ്മരം ഒടിയുകയായിരുന്നു. തുടർന്ന് കരയുമായി ബന്ധപ്പെടുന്ന റേഡിയോ സംവിധാനത്തിന് തകരാർ സംഭവിച്ചു. ഇത് അഭിലാഷുമായുള്ള സംഘാടകരുടെ ആശയവിനിമയം നഷ്ടപ്പെടാൻ ഇടയാക്കി.

താൻ സുരക്ഷിതനാണെന്നും എന്നാൽ, എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്നും വഞ്ചിയിൽ കിടക്കുകയാണെന്നും അഭിലാഷ് റേഡിയോ സന്ദേശത്തിലൂടെ കൺട്രോൾ റൂമിന് വിവരം കൈമാറി. യാത്ര തുടരുന്നതിന് വേണ്ട സഹായം ഉടൻ എത്തിക്കുമെന്നും ജി.പി.എസ് സംവിധാനം പ്രവർത്തന ക്ഷമമാണെന്നും നാവികസേന അറിയിച്ചു.

തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് സത്പുര യുദ്ധകപ്പൽ ആസ്ട്രേലിയൻ തീരത്തേക്ക് രക്ഷാപ്രവർത്തനത്തിന് തിരിച്ചിട്ടുണ്ട്. കൂടാതെ ചേതക് ഹെലികോപ്റ്ററും ഐ.എൻ.എസ് ജ്യോതി ടാങ്കറും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകും. കാൻബറയിലെ ആസ്ട്രേലിയൻ റെസ്കൂ കോർഡിനേറ്റിങ് കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മൽസരത്തിലുള്ള മറ്റ് പായ് വഞ്ചിയിലെ യാത്രക്കാരോട് അഭിലാഷിന്‍റെ സമീപത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഏറ്റവും സമീപമുള്ള ഗ്രിഗറി മക്ബുക്കിന് തിങ്കളാഴ്ച മാത്രമേ അപകട സ്ഥലത്ത് എത്താൻ സാധിക്കൂ. അപകടസമയത്ത് ഉപയോഗിക്കാൻ അനുവാദമുള്ള റേഡിയോ ബീക്കൻ പ്രവർത്തിക്കുന്നുണ്ട്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ്​ ഗോള്‍ഡന്‍ ഗ്ലോബ് റേസ് 2018 ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പാപായ്വഞ്ചികളിൽ സാഹസിക യാത്ര ആരംഭിച്ചത്. പലവിധ കാരണങ്ങളാൽ ഏഴു പേർ യാത്രാമധ്യേ പിന്മാറി.

കേരളത്തിലെ നിന്നുള്ള തടിയും വിദേശ നിർമിത പായകളും ഉപയോഗിച്ച് ഗോവ അക്വാറിസ് ഷിപ് യാഡിൽ നിർമിച്ച 'തുരിയ' എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ടോമിയുടെ യാത്ര. റേസിന്‍റെ ദൂരപരിധിയായ 30,000 നോട്ടിക്കൽ മൈൽ ദൂരം 311 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് 39കാരനായ മലയാളി നാവികൻ ലക്ഷ്യമിട്ടിരുന്നത്. 10,500 നോട്ടിക്കൽ മൈൽ പിന്നിട്ടതിന് ശേഷമാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്.

24 മണിക്കൂറിനിടെ 194 മൈൽ ദൂരം പിന്നിട്ടെന്ന വേഗ റെക്കോർഡിനും മൽസരത്തിനിടെ അഭിലാഷ് അർഹനായി. ഈ റെക്കോർഡ് കൈവരിക്കുന്ന ആദ്യ നാവികനാണ് അദ്ദേഹം. 50 വർഷം മുമ്പുള്ള കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചാണ് ഗോൾഡൻ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.

Full View

Full View

Tags:    
News Summary - Abhilash Tomy Missing-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.