എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കുഴഞ്ഞു വീണുള്ള മരണം കൊലപാതകം: സഹപാഠിയെ പ്രതിയാക്കി പോലീസ് അന്വേഷണം ആരംഭിച്ചു

കോന്നി: ഒരു വര്‍ഷം മുമ്പ് കുഴഞ്ഞു വീണുള്ള എട്ടാം ക്ലാസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സഹപാഠിയെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചു. 

റിപ്പബ്ലിക്കന്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന എലിയറയ്ക്കല്‍ സ്വദേശി പ്രകാശിന്റെ മകന്‍ അരുണ്‍ പ്രകാശ് (13) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. ഉച്ചയൂണിന്റെ ഇടവേളയില്‍ സ്‌കൂള്‍ മൈതാനിയില്‍ കളി കഴിഞ്ഞ് മടങ്ങി വന്ന അരുണ്‍ പ്രകാശും ഇതേ ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയുമായി സംഘട്ടനം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുഴഞ്ഞു വീണ അരുണിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടരയോടെ മരിച്ചു. ഹൃദയത്തിന് നേരത്തേ അസുഖമുള്ള അരുണ്‍ കുഴഞ്ഞു വീണു മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്.

അരുണിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് എസ്.ഐ ഈ കേസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴുത്തിലേറ്റ ക്ഷതം കാരണം ശ്വാസം മുട്ടിയാണ് അരുണ്‍ മരിച്ചത് എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത്. അരുണിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ക്ലാസില്‍ വച്ച് അടിപിടിയുണ്ടാക്കിയ സഹപാഠിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ വിദ്യാര്‍ഥി ഇപ്പോള്‍ 10-ാം ക്ലാസിലാണ് പഠിക്കുന്നത്.

വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കുമെന്ന് സി.ഐ. ആര്‍. ജോസ് പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായ തര്‍ക്കമാണ് ക്ലാസ് മുറിയില്‍ നടന്ന സംഘട്ടനത്തില്‍ കലാശിച്ചത്. അടിപിടിക്കിടയില്‍ എങ്ങനെയോ മാരകമായ ക്ഷതം അരുണിനുണ്ടായതാകാമെന്നും നിലവില്‍ അന്വേഷണ ചുമതലയുള്ള സി.ഐ. അറിയിച്ചു. 

Tags:    
News Summary - 8th class students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.