തൃശൂർ: കണ്ടെയ്നർ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണ് (27) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിൽ പെരുമ്പിലാവിന് സമീപം കടവല്ലൂർ അമ്പലം സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിർദിശയിൽ വന്നുകൊണ്ടിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു.
റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി. എടപ്പാൾ കെ.വി.ആർ ഓട്ടോമോബൈൽസിലെ ജീവനക്കാരിയാണ് ആതിര. ഭർത്താവ്: വിഷ്ണു. സഹോദരങ്ങൾ: അഭിലാഷ്, അനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.