മലപ്പുറം സ്വദേശിയുടെ കാറും പണവും തട്ടിയ കേസ്: തമിഴ്നാട് പൊലീസ് ഇന്‍സ്പെക്ടറടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: മധുക്കരക്ക് സമീപം എല്‍.ആന്‍ഡ്.ടി ബൈപാസ് റോഡില്‍ പൊലീസ് യൂനിഫോമണിഞ്ഞ സംഘം മലപ്പുറം സ്വദേശിയുടെ 3.90 കോടി രൂപയും കാറും തട്ടിയെടുത്ത കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. കരൂര്‍ പരമത്തി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍ (40), തൃശൂര്‍ സ്വദേശികളായ സുഭാഷ് (42), സുധീര്‍ (33), മലപ്പുറം സ്വദേശി ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളായ കുളിത്തല സ്റ്റേഷനിലെ എസ്.ഐ ശരവണന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കരൂര്‍ വേലായുധപാളയം ധര്‍മേന്ദ്രന്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോടാലി ശ്രീധരന്‍, ഇയാളുടെ മകന്‍ അരുണ്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍, എസ്.ഐ ശരവണന്‍, ഹെഡ്കോണ്‍സ്റ്റബിള്‍ ധര്‍മേന്ദ്രന്‍ എന്നിവരെ തിരുച്ചി മേഖല ഐ.ജി അരുണ്‍ സസ്പെന്‍ഡ് ചെയ്തു.

ആഗസ്റ്റ് 25നാണ് സംഭവം നടന്നത്. മലപ്പുറത്തെ സ്വര്‍ണ-ഫര്‍ണിച്ചര്‍ വ്യാപാരി അന്‍വര്‍ സാദത്തിന്‍െറ ജീവനക്കാരായ മുഹമ്മദ് ഇബ്രാഹിം (53), മുസീര്‍ (35), സന്തോഷ് (32), ആനന്ദ് (29) എന്നിവര്‍  ചെന്നൈയില്‍നിന്ന് 3.90 കോടി രൂപയുമായി കാറില്‍ നാട്ടിലേക്ക് വരവെ പുലര്‍ച്ചെ നാലരക്ക് മധുക്കരയില്‍ ജീപ്പിലത്തെിയ അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. മൂന്നുപേര്‍ പൊലീസ് യൂനിഫോമിലായിരുന്നു. പണവുമായി നാലുപേരെയും ജീപ്പില്‍ കയറ്റിയ സംഘം ഇവരെ പൊള്ളാച്ചിക്ക് സമീപം ഇറക്കിവിട്ടു. മധുക്കര സ്റ്റേഷനിലത്തെി ഇവര്‍ വിവരമറിയിച്ചു. എന്നാല്‍, പിന്നീടത്തെിയ അന്‍വര്‍ സാദത്ത് കാറില്‍ പണമുണ്ടായിരുന്നില്ളെന്നാണ് പൊലീസിനെ അറിയിച്ചത്.

അടുത്ത ദിവസം വൈകീട്ട് പാലക്കാട് കുഴല്‍മന്ദത്തിന് സമീപം ദേശീയപാതയോരത്ത് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെി. സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചതിനെതുടര്‍ന്നാണ് സുഭാഷ്, സുധീര്‍, ഷഫിഖ് എന്നിവരെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥരുടെ പങ്കറിഞ്ഞത്.
ഹവാല പണം കടത്തുന്നതറിഞ്ഞ കോടാലി ശ്രീധരന്‍ സുഹൃത്തുക്കളായ കരൂര്‍ ജില്ലയിലെ പൊലീസുകാരുടെ സഹായം തേടുകയായിരുന്നു. പാലക്കാട്ടെ ലോഡ്ജില്‍വെച്ച് ശ്രീധരനാണ് പണം വീതിച്ചുനല്‍കിയത്. ഒന്നരക്കോടി മൂന്ന് പൊലീസുകാര്‍ക്കും സുഭാഷ്, സുധീര്‍, ഷഫീഖ് എന്നിവര്‍ക്ക് പത്തുലക്ഷം രൂപ വീതവും നല്‍കി. എന്നാല്‍, കോടാലി ശ്രീധരന്‍ 60 ലക്ഷം രൂപ മാത്രമാണ് നല്‍കിയതെന്നും തുക എസ്.ഐ ശരവണന്‍െറ പക്കലാണെന്നും ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാക്കി തുകയുമായി കോടാലി ശ്രീധരനും മകന്‍ അരുണും മുങ്ങുകയായിരുന്നത്രെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.